പൊതുബോധം വര്‍ഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സങ്കുചിതരാഷ്ട്രീയക്കാരും തല്‍പരകക്ഷികളും അതിന് വശപ്പെട്ടുപോകുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍, സാമൂഹികസന്തുലനവും സമുദായസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികള്‍ കാറ്ററിഞ്ഞ് പാറ്റാന്‍ നില്‍ക്കേണ്ടവരല്ല. അതിക്രമത്തിന്റെ സൈദ്ധാന്തികവിശകലനം നടത്തുകയല്ല, അക്രമികളുടെ കൈക്ക് പിടിക്കുകയാണ് അവരുടെ ജോലി. അവിവേകികളുടെ കടുംചെയ്തികള്‍ക്ക് കാടടച്ച വെടിയല്ല, പഴുതടച്ച പരിഹാരമാണ് ജനാധിപത്യഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലെ കക്ഷികളായ പോപ്പുലര്‍ഫ്രണ്ടിനെ പരാമര്‍ശിക്കെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ന്യൂദല്‍ഹിയില്‍ നടത്തിയ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇതു പറയേണ്ടിവരുന്നത്. ഇരുപതുകൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷസംസ്ഥാനമാക്കി മാറ്റാന്‍ പോപ്പുലര്‍ഫ്രണ്ട് ബോധപൂര്‍വം ശ്രമിക്കുന്നതായി ആരോപിച്ച മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ട് വേട്ടയുടെ മറവില്‍ സംസ്ഥാനത്ത് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം തീവ്രവാദികളെ രക്ഷിക്കാന്‍വേണ്ടിയുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തുന്നു. അത്യന്തം ദുരൂഹവും ദുരുപദിഷ്ടവുമാണ് മുഖ്യമന്ത്രിയുടെ 'വെളിപ്പെടുത്തലുകള്‍' എന്ന് പറയാതെ വയ്യ. കൈവെട്ട് കേസന്വേഷണത്തിന്റെ പാതിവഴിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മുന്‍പിന്‍ നോക്കാതെ എടുത്തോതുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഗുരുതരമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ദീക്ഷിക്കേണ്ട സാമാന്യമര്യാദ ആ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നില്ല. ഏതോ വൈരനിര്യാതന ആവേശത്തില്‍ വി.എസ് നടത്തിയ ജല്‍പനങ്ങളില്‍ ചിലതിന് പ്രാമാണികനായ കമ്യൂണിസ്റ്റ് നേതാവിന്റെയല്ല, രാജ്യത്തെ 'വെറുക്കപ്പെട്ട' ചിലരുടെ സ്വരത്തോടാണ് കൂടുതല്‍ സാമ്യം. പോപ്പുലര്‍ഫ്രണ്ടിന്റെ 'മുസ്‌ലിം ഭൂരിപക്ഷയജ്ഞ'ത്തിനും, തീവ്രവാദിവേട്ട നിരപരാധവേട്ടയായി മാറുന്നുവെന്ന പൊതു ആക്ഷേപത്തിനും എതിരായ കണ്ണുംപൂട്ടിയുള്ള കമന്റുകള്‍ ഈ കടംകൊണ്ട ശൈലിയുടെ ഉദാഹരണങ്ങളാണ്.
മൂവാറ്റുപുഴ സംഭവത്തില്‍ അന്വേഷണങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോകുകയാണെന്ന് മേല്‍നോട്ടം വഹിക്കുന്ന പൊലീസ് മേധാവികളും അധികൃതരും അവകാശപ്പെടുന്നു. കേസിലെ യഥാര്‍ഥപ്രതികളെ വളരെവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നത് സൗഹൃദത്തിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ കേരളീയരുടെയും ആവശ്യമാണ്. ഭിന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്നതിന് മത, സമുദായ മേല്‍വിലാസങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ കേരളത്തിലെ മുഴുവന്‍ സംഘടനകളും രംഗത്തുവന്നതാണ് മൂവാറ്റുപുഴ സംഭവത്തെതുടര്‍ന്നു കേരളം കണ്ടത്. പരിക്കേറ്റ അധ്യാപകന് രക്തം നല്‍കാന്‍ മുസ്‌ലിംയുവാക്കള്‍ സന്നദ്ധരായതും സമുദായനേതാക്കള്‍ ഒന്നിച്ചിരുന്ന് കൂട്ടായ മുന്നോട്ടുപോക്കിനുള്ള വഴികളാരാഞ്ഞതും കേരളത്തിന്റെ സ്വന്തം നന്മ വിളിച്ചോതിയ സംഭവങ്ങളായിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിപ്പൊക്കാനും വര്‍ഗീയതകൊണ്ടു തന്നെ അതിനെ ചെറുക്കാനുമുള്ള ആപത്കരമായ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ദൃഢനിശ്ചയത്തില്‍ സമൂഹം ഒറ്റക്കെട്ടായിനിന്നു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിച്ച അവിവേകികളുടെ ചെറു ന്യൂനപക്ഷം സമുദായത്തിനകത്ത് തീര്‍ത്തും ഒറ്റപ്പെട്ടതുതന്നെ ഇതിനു തെളിവാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പരമതവിദ്വേഷം ആളിക്കത്തിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ സാമൂഹികബഹിഷ്‌കരണമെന്ന ശക്തമായൊരു പ്രതിരോധം സമീപകാലത്തൊന്നും ദൃശ്യമായിട്ടില്ല.
ഈയൊരു ജനാധിപത്യ, മതനിരപേക്ഷ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണ് വിവാദപ്രസ്താവനയിലൂടെ വി.എസ് ചെയ്തത്. ഒറ്റപ്പെട്ടുപോയ ശിഥിലീകരണശക്തികള്‍ക്ക് അനാവശ്യപ്രസ്താവനയിലൂടെ അദ്ദേഹം പിടിവള്ളിയെറിഞ്ഞുകൊടുത്തു. കുറ്റവാളികളെ ഒറ്റപ്പെടുത്തി സമുദായത്തിന്റെ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം ഫലപ്രദമാകണമെന്നതിനാലാണ് പൊലീസ് റെയ്ഡ് കൈവിട്ടു പോകുമെന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്‌ലിംനേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയത്. കേസന്വേഷണത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി മുസ്‌ലിംനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതുമാണ്. എന്നിരിക്കെ കാര്യങ്ങള്‍ സാമുദായികസ്‌പര്‍ധയിലേക്ക് കൈവിട്ടുപോകാതിരിക്കാന്‍ അന്വേഷണസംവിധാനത്തിനും ഭരണകൂടത്തിനും ആവുന്നത്ര സഹായസഹകരണങ്ങള്‍ നല്‍കിയവരെ തീവ്രവാദികളുടെ പിന്തുണക്കാരായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ആരെയാണ് സഹായിക്കുക? കേരളത്തെ മുസ്‌ലിംഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും പണവും പ്രണയവും മുതല്‍ കൈകാല്‍വെട്ടും തലയെടുക്കലുമൊക്കെയാണ് അതിന്റെ പണിയായുധങ്ങള്‍ എന്നും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തുമ്പോള്‍, അത് വിവിധ സമുദായങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? ആയുഷ്‌കാലം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേലിക്കകത്ത് കഴിഞ്ഞൊരാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കില്‍ പിന്നെ മഹത്തരവും മാനുഷികവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആ ആശയസംഹിതക്കെന്തര്‍ഥം?
നിക്ഷിപ്തതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വന്തം കാര്യപരിപാടികള്‍ നിവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല തുറുപ്പുശീട്ടാണ് മതവികാരം. മതവികാരത്തിന്റെ ഈ കച്ചവടസാധ്യതയിലാണ് കൈവെട്ടും തുടര്‍സംഭവങ്ങളും കൊഴുപ്പിക്കുന്നവരും കണ്ണുവെച്ചിട്ടുള്ളത്. കുറ്റവാളികളുടെ പശ്ചാത്തലവും മത,രാഷ്ട്രീയസംഘടനാ മേല്‍വിലാസവുമെല്ലാം വ്യക്തമായിട്ടും അവിടംകൊണ്ട് മതിയാക്കാതെ തീവ്രവാദ ഇനത്തില്‍ നേരത്തേ ഉള്‍ക്കൊള്ളിക്കപ്പെട്ട പൂര്‍വസംഭവങ്ങളെയൊക്കെ മൂവാറ്റുപുഴയിലേക്ക് വലിച്ചിഴച്ച് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മെഗഫോണ്‍ ചമഞ്ഞ് ചില മാധ്യമങ്ങള്‍ കാണിക്കുന്ന അത്യാവേശം ഇതിനുദാഹരണമാണ്. അതിലും നികൃഷ്ടമാണ് സ്വന്തം ഉള്ളിലിരിപ്പ് പുറത്തായാലും കുഴപ്പമില്ല, വൈരനിര്യാതനസുഖം തന്നെ കാര്യം എന്ന മട്ടില്‍ ഇറങ്ങിത്തിരിച്ച ചിലരുടെ നിലപാട്. നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലും മാധ്യമരംഗത്തും ഉദ്യോഗസ്ഥതലത്തിലുമെല്ലാമുള്ള വര്‍ഗീയതയുടെ ഈ കരുതിവെപ്പുകാര്‍ തരംകിട്ടുമ്പോഴെല്ലാം മനംപിരട്ടി തികട്ടുന്നത് പൊന്നാനി ലോക്‌സഭാസീറ്റിലെ തെരഞ്ഞെടുപ്പ് മുതല്‍ മൂവാറ്റുപുഴ വരെയുള്ള സമീപകാലസംഭവങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
അക്രമികള്‍ അവിവേകികളാണ്. നിയമം കൈയിലെടുത്തും സമാധാനാന്തരീക്ഷം തകര്‍ത്തും അവര്‍ ശിഥിലീകരണത്തിന് ആക്കംകൂട്ടുമ്പോള്‍ അസ്വസ്ഥതകള്‍ക്ക് അറുതിവരുത്തേണ്ടത് ഭരണകൂടമാണ്. അതിനെ നയിക്കുന്നവര്‍ക്ക് വിവേകം കൂടിയേ തീരൂ. അത് നഷ്ടപ്പെട്ടാല്‍ പിന്നെ ആര് ആരെ രക്ഷിക്കും?
Visit my Blog
ReplyDeletehttp://janasamaksham.blogspot.com