Ind disable

Saturday, July 24, 2010

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?

മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്‌. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോള്‍ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.

അപ്പോള്‍ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ്‌ മലീമസമായിരിക്കുന്നു, മതങ്ങളുടെ മനസ്‌ വിഷലിപ്‌തമായിരിക്കുന്നു. ഇതിനെല്ലാം വെടിമരുന്നിട്ടു തിരികൊളുത്തിക്കൊടുത്തതാരാണ്‌ ? ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റബോധത്തോടെ ഞാന്‍ തുറന്നുപറയുന്നു. ഇക്കാര്യത്തില്‍ ഒന്നാം പ്രതിയായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതു മാധ്യമങ്ങളാണ്‌. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം അപഹാസ്യമായ കാലഘട്ടമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ എന്റെ മനസിലുള്ളതു ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ തന്നെ.

മതനിന്ദ നടത്തിയെന്ന്‌ ആരോപിച്ചുകൊണ്ട്‌ ഒരുസംഘം മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതാണു പുതിയ സംഭവവികാസം.

സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യ ത്തിലെ വാചകങ്ങള്‍ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യാ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടര്‍ന്നു സ്വന്തം മതത്തില്‍ അധിഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്‌തികളുടെ ഏജന്റന്‍മാരായ ചിലര്‍ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടര്‍ന്നു ഭീകര പ്രവര്‍ത്തനത്തിന്റെ പലേ ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു. അതു ചിത്രത്തിന്റെ മറ്റൊരു വശം. അതു ഭാവിയില്‍ നമുക്കു വേറെ വിശകലനം ചെയ്യാം.

എന്തായാലും പ്രഫസര്‍ ജോസഫ്‌ അങ്ങനെയൊരു ചോദ്യം തയാറാക്കിയതു ഹീനമായ ഒരു കാര്യമാണെന്നും അതിനെ നേരിട്ട മുസ്ലിം നാമധാരികളുടെ പാതകം പൈശാചികമായിപ്പോയെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍. അതിലോലമായ സന്തുലിതത്വം വഴി മനസമാധാനം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ ഹൃദയത്തുടിപ്പ്‌ മനസിലാക്കാനാവാത്ത ഒരാള്‍ എങ്ങനെ ഒരു കോളജ്‌ പ്രഫസറായി കഴിയുന്നു എന്നാണ്‌ എനിക്കു മനസിലാകാത്തത്‌.

പ്രഫസര്‍ ജോസഫിനെക്കുറിച്ചു സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകടിപ്പിച്ച അഭിപ്രായം അക്ഷരംപ്രതി ശരിയാണ്‌. മഠയനായ ഒരു അധ്യാപകന്‍ ചെയ്‌ത മഠയത്തരമാണ്‌ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായതെന്നാണു മന്ത്രി ബേബി പറഞ്ഞത്‌. അദ്ദേഹം അത്രയും പറഞ്ഞാല്‍ പോരായിരുന്നു. സമനില തെറ്റിയ ഒരധ്യാപകന്റെ ഭ്രാന്ത്‌ എന്നാണ്‌ ആ ചോദ്യത്തേപ്പറ്റി മന്ത്രി ബേബി ധൈര്യപൂര്‍വം പറയേണ്ടിയിരുന്നത്‌.

ഇവിടെയാണു മലയാളത്തിലെ ചില വാര്‍ത്താ ചാനലുകളുടെ നികൃഷ്‌ടമായ മുഖം കേരളം കണ്ടത്‌. ഒരു കോളജിലെ ക്ലാസ്‌ പരീക്ഷയില്‍ വെളിവില്ലാത്ത ഒരധ്യാപകന്‍ കാണിച്ച പിഴവായി സംഭവം കണ്ടാല്‍ മതിയായിരുന്നു. പക്ഷേ, എന്തു വാര്‍ത്തയും കൊടുത്തു കാണികളെ ആകര്‍ഷിക്കേണ്ടതിന്റെ ഭാഗമായി ഒരു വാര്‍ത്താ ചാനല്‍ ഈ ചെറിയ ചോദ്യക്കടലാസ്‌ സംഭവം ഭൂകമ്പം പോലൊരു വാര്‍ത്തയാക്കി. മണിക്കൂറുകള്‍ ആ വാര്‍ത്ത ചാനലില്‍ നിറഞ്ഞുനിന്നു. പിന്നെ അതേക്കുറിച്ചു നീണ്ടുനിന്ന ചാനല്‍ ചര്‍ച്ചകള്‍. ഒടുവില്‍ അതാണ്‌ ഏറ്റവും വലിയ വാര്‍ത്തയെന്നു തെറ്റിദ്ധരിച്ച്‌ അച്ചടി മാധ്യമങ്ങളും അടുത്തദിവസം അതു വാലിയ വാര്‍ത്തയാക്കി മാറ്റി. കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ കനപ്പെട്ട സംഭാവന ചെയ്‌തിട്ടുള്ള മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ മാനസികവും സാംസ്‌കാരികവുമായി പക്വത നേടിയിട്ടില്ലാത്ത ചിലര്‍ നയിക്കുന്ന വാര്‍ത്താചാനലുകളെ മാതൃകയായി സ്വീകരിക്കുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഇന്നു വാര്‍ത്താ ചാനലുകളാല്‍ നയിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങള്‍ അവരുടെ മാന്യമായ വഴി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തെ അലങ്കോലപ്പെടുത്തുന്നതിന്റെ പാപഭാരം അവര്‍ക്കും ചുമക്കേണ്ടി വരും.

മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ രാഷ്‌ട്രീയമായി തേജോവധം ചെയ്യാന്‍ കോഴിക്കോട്‌ മിഠായിത്തെരുവില്‍നിന്ന്‌ ഒരു പിഴച്ചപെണ്ണിനെ ടെലിവിഷന്‍ സ്‌റ്റുഡിയോയില്‍ ആദരിച്ചു കൊണ്ടുവന്നിരുത്തി അതു കേരളത്തിന്റെ ഏറ്റുവും വലിയ വാര്‍ത്തയായി മണിക്കൂറുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ ആഘോഷിച്ച അന്നു തുടങ്ങി വാര്‍ത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ 'കുലീന കന്യക' പിറ്റേദിവസം പാടേ നിഷേധിച്ചപ്പോള്‍ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്‌. പിന്നീട്‌ ആ 'കന്യക' സംസ്‌ഥാന സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്‌റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടു. ഒരു വിമാനം പറന്നുയരുന്ന ഉദ്വേഗജനകമായ നിമിഷത്തില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകള്‍ ദിവസങ്ങള്‍ ആഘോഷിച്ച മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോള്‍, എവിടെയാണ്‌ ആ സ്‌ത്രീ കഥാപാത്രമിപ്പോള്‍? വാര്‍ത്താ ചാനലുകളുടെ നടത്തിപ്പുകാര്‍ക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുമൊക്കെയില്ലേ?

ഏറ്റവും ഒടുവില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ.യെ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ്‌ പിടികൂടിയെന്ന വാര്‍ത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. ആ വാര്‍ത്താ പിന്നെ ചാനലില്‍ തോരണം കെട്ടി രണ്ടുദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം. ചന്ദ്രന്‍ നിയമസഭയില്‍ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിനു സ്‌ഥിരീകരണം നല്‍കി.

ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്‌. ഹര്‍ത്താല്‍ ദിവസം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംരക്ഷണം തേടി രണ്ടു കാറില്‍ വിതുര സ്‌റ്റേഷനില്‍ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗള്‍ഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടര്‍ പ്രസാദ്‌ പണിക്കരും ഭാര്യയുമെന്ന്‌. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്‌ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്‌.

ഒടുവില്‍ ഈ അശ്ലീലകഥ നിയമസഭാ നടപടികളില്‍ നിന്നു നീക്കം ചെയ്യാന്‍ സി.പി.എമ്മുകാരനായ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ധൈര്യം കാണിച്ചപ്പോള്‍ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കര്‍മാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

അതേക്കുറിച്ചു പാരമ്പര്യവാദികളായ സി.പി.എം. പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ വാരികയായ ജനശക്‌തി പ്രകടിപ്പിച്ച അഭിപ്രായം ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും തൊലിയുരിച്ചു കളയുന്നതാണ്‌. (ദേശാഭിമാനി മുന്‍ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജി. ശക്‌തിധരന്‍ പത്രാധിപരായുള്ള ജനശക്‌തി മുഖ്യമന്ത്രി അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന വാരികയാണെന്നാണു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌). ജനശക്‌തിയുടെ രാഷ്‌ട്രീയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു. ''അബ്‌ദുള്ളക്കുട്ടിയെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിക്കാന്‍ ഒരു പകലും രാത്രിയും മുഴുവന്‍ സ്‌റ്റുഡിയോയും ക്യാമറയും തുറന്നുവച്ച കൈരളി ചാനലിന്റെ മരണവെപ്രാളം മാധ്യമരംഗത്തെ വേറിട്ട കാഴ്‌ചയായി. ഈ വിഷയത്തില്‍ എരിവും പുളിയും ചേര്‍ത്തു മദാലസയുടെ നൃത്താവതരണം പോലെ ആഘോഷിച്ച ഈ വാര്‍ത്താവതാരകന്‌ ഒരു വിടന്റെ ഭാവമായിരുന്നു. അമ്മയും സഹോദരിയും കുടുംബവുമുള്ള ഒരുവനും മാധ്യമപ്രവര്‍ത്തനത്തെ ഇവ്വിധം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ജോലിയാക്കി മാറ്റുകയില്ലായിരുന്നു.''

ഈ നാടകത്തിന്റെ ദാരുണമായ വശം കെട്ടുകഥയിലൂടെ അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ പ്രസാദ്‌ പണിക്കര്‍ കൈരളി ടി.വി.യുടെ പ്രധാന ഓഹരിക്കാരനാണെന്നതാണ്‌. കുടുംബസമേതം തറവാട്ടില്‍ ചെന്നു അച്‌ഛനേയും മറ്റും കാണാന്‍ വന്ന പ്രസാദ്‌ പണിക്കര്‍ പറഞ്ഞത്‌ ഇമ്മാതിരി വൃത്തികെട്ട നേതാക്കളുള്ള കേരളത്തിലേക്ക്‌ താനിനി വരികയേയില്ലെന്നാണ്‌. കേരളീയര്‍ ലജ്‌ജിച്ചു തലതാഴ്‌ത്തട്ടെ. കൈരളിക്കു ലജ്‌ജയില്ലാത്തതുകൊണ്ട്‌ അവരതു ചെയ്യേണ്ടതില്ല.

പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ ഈ മാതിരി വൃത്തികെട്ട അശ്ലീല കെട്ടുകഥ വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്‌. വായനക്കാരുടെ എണ്ണം പരിശോധിക്കുന്ന ഒരു ഏജന്‍സിയുടെ എ.ഐ.ഒ. റേറ്റിംഗ്‌ അനുസരിച്ചാണു പരസ്യക്കമ്പനിക്കാര്‍ ചാനലുകള്‍ക്കു പരസ്യം നല്‍കുന്നത്‌. ഇതാണു സ്‌ഥിതിയെങ്കില്‍ കാണികളെ വര്‍ധിപ്പിക്കാന്‍ വാര്‍ത്താചാനലുകളില്‍ ബലാത്സംഗം പോലും ലൈവ്‌ ആയി കാണിക്കുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നാണു തോന്നുന്നത്‌.

പ്രേക്ഷകരുടെ അധമവികാരങ്ങളെ ചൂഷണം ചെയ്‌തുകൊണ്ട്‌ അന്തിമമായി കേരളത്തെ അടിമുടി മലീമസമാക്കുന്ന വാര്‍ത്താചാനലുകളുടെ വഴിപിഴച്ച ഈ പോക്കിനെതിരേ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒരുപോലെ ശബ്‌ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെ ശബ്‌ദമുയരുമെന്ന്‌ എനിക്കു തോന്നുന്നില്ല. ചാനലുകളുടെ പിഴച്ച പോക്കിനെ എതിര്‍ത്താല്‍ തങ്ങളുടെ മുഖം ചാനലുകളില്‍ പ്രത്യക്ഷപ്പെടില്ലെന്ന്‌ ഈ നേതാക്കള്‍ ഭയപ്പെടുന്നുണ്ടാകും. ആത്മവഞ്ചനയും ഭീരുത്വവുമാണല്ലോ നമ്മുടെ സാംസ്‌കാരിക നായകരുടെ പ്രധാന മുഖമുദ്രകള്‍?

പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും ക്രൈസ്‌തവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന്‌ ഓര്‍മപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ജീവിതത്തെ മനസിലാക്കാന്‍ കഴിയാതിരുന്ന ചില മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.

പക്ഷേ, അതിനെ അപലപിക്കാന്‍ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂര്‍വം വിസ്‌മരിച്ച പലേ നഗ്നയാഥാര്‍ഥ്യങ്ങളുമുണ്ട്‌. കൈ വെട്ടിയതിനെ അതിശക്‌തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ്‌ മുറിയില്‍ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച്‌ ഒരധ്യാപകന്റെ കഴുത്ത്‌ കൊടുവാള്‍ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്‌. മാറാട്‌ കടപ്പുറത്ത്‌ എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളില്‍ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.

ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരില്‍ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്നിരിക്കുന്നത്‌. കുഷ്‌ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്‌. കൈവട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌.

പെരുമ്പാവൂരില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ ഒരു വര്‍ഗീസിനെ സഭാ വഴക്കിന്റെ പേരില്‍ കുത്തിമലര്‍ത്തി കൊന്ന കേസില്‍ വൈദികന്‍ വരെ പ്രതിയാണ്‌. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ്‌ പിടിയിലായതു വൈദികരാണ്‌. ഇവരെല്ലാം ഭീകരവാദികളല്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോര്‍ക്കണം.

No comments:

Post a Comment