ഇ.എം.എസിന്റെ ലോകം ദ്വിദിന സെമിനാര്‍ ഇത്തവണ ശ്രദ്ധേയമാവുന്നത്, സി.പി.എം ആരംഭിച്ച 'ന്യൂനപക്ഷ വര്‍ഗീയത'ക്കെതിരായ പ്രോപഗണ്ടക്ക് അത് വേദിയാവുന്നതിലൂടെയാണ്. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണന്‍, തോമസ് ഐസക് മുതല്‍ പേരും തുടങ്ങിവെച്ച യുദ്ധത്തിന് പോളിറ്റ് ബ്യൂറോ കൂടി പച്ചക്കൊടി കാട്ടിയതോടെ ന്യൂനപക്ഷ വിരുദ്ധരായ മുഴുവന്‍ മതേതര നാട്യക്കാരെയും ഒരിക്കല്‍കൂടി അണിനിരത്തി അശ്വമേധം വിജയിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. ക്രൈസ്തവ, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏതായാലും പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടി നയിക്കുന്ന സര്‍ക്കാറില്‍നിന്നും അകന്നിരിക്കെ, ഭൂരിപക്ഷ സമുദായത്തില്‍നിന്ന് ആ കമ്മി നികത്താനെങ്കിലും സാധിച്ചെങ്കിലോ എന്ന പ്രായോഗിക രാഷ്ട്രീയ ബുദ്ധിയേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുമായി കൈകോര്‍ത്തപ്പോള്‍ നഷ്ടമായ ഇടതുപക്ഷ അനുകൂല വോട്ടുകളെങ്കിലും തിരിച്ചുപിടിക്കാനായെങ്കില്‍ അത്രക്ക് ആശ്വസിക്കാമല്ലോ. മഅ്ദനിയുമായി വേദി പങ്കിട്ട പാപം പി.ബി തന്നെ തള്ളിപ്പറഞ്ഞു, സംസ്ഥാന പാര്‍ട്ടി നേതൃത്വം പരസ്യമായി പശ്ചാത്തപിച്ചു, ഇനിയിപ്പോള്‍ മഅ്ദനിയെ ബംഗളൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പൊലീസിന് ഏല്‍പിച്ചുകൊടുത്തുകൊണ്ട് തീര്‍ത്തും കൈകഴുകാം. വനവാസത്തിന് പോയ ശ്രീരാമനെ പതിനാലു കൊല്ലം കാത്തിരുന്ന ഭരതനെപോലെ ഇടതുമുന്നണി പ്രവേശനത്തിന് പതിനാലു കൊല്ലം കാത്തിരുന്ന് മടുത്ത് ഒടുവില്‍ ഐ.എന്‍.എല്ലും ചുവപ്പിനെ കൈവിട്ടു പച്ചക്ക് പിറകെ പോയി. അതോടെ മുസ്‌ലിംലീഗിന്റെ ഒരു കഷ്ണവുമില്ലാതെയാണ് ഇത്തവണ ഇലക്ഷനെ നേരിടുന്നതെന്ന് 1987ല്‍ ഇ.എം.എസ് പറഞ്ഞതുപോലെ, മുസ്‌ലിം ന്യൂനപക്ഷത്തില്‍ പിറന്ന ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ 2011ലെ തെരഞ്ഞെടുപ്പിനെ നേരിടാം.
ഒരുതരം സഖ്യമോ ധാരണയോ ഇല്ലാതെ കേവലം തത്ത്വാധിഷ്ഠിത പിന്തുണ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിയെപോലും തള്ളിപ്പറയുക മാത്രമല്ല, മുസ്‌ലിം നാമധാരികളായ മതേതര ചാവേറുകളെ ഉപയോഗിച്ചു അവരെ വേട്ടയാടുക കൂടി ചെയ്താല്‍ പ്രതിച്ഛായ തികച്ചും ക്ലീന്‍! വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍. നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞുകൊള്ളണമെന്നില്ല. എന്തുചെയ്യാം, വിവേകവും സമചിത്തതയും ഉപദേശിക്കാന്‍ പാര്‍ട്ടിയില്‍ ഒരുത്തനുമില്ല, അല്‍പസ്വല്‍പം നേരും നെറിയുമുണ്ടെന്ന് കരുതിയവരെ മുഴുവന്‍ പുറത്താക്കി, അവശേഷിക്കുന്നവര്‍ മൗനികളുമായി. അക്ഷരാര്‍ഥത്തില്‍ സ്റ്റാലിനിസ്റ്റുകളുടെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍ സി.പി.എം. ഒരുകാലത്ത് സ്വതന്ത്ര ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇന്തോനേഷ്യയിലെ പി.കെ.ഐ. മുപ്പതു ലക്ഷം അംഗങ്ങളുണ്ടായിരുന്ന പാര്‍ട്ടി 1965ല്‍ അവിവേകം അതിന്റെ മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത ജനരോഷത്തില്‍ കഥാവശേഷമായി. പിന്നീടൊരിക്കലും ഒരു പേരിലും ഇന്തോനേഷ്യയില്‍ അത് തലപൊക്കിയിട്ടില്ല. അത്രത്തോളം നശിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കാവുമെന്നര്‍ഥം.
ദേശീയതയെ അംഗീകരിക്കാത്ത വിഘടന സ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നും അത് തുറന്നുകാണിക്കാന്‍ സി.പി.എം ബാധ്യസ്ഥമാണെന്നുമാണ് പിണറായി വിജയന്‍ 'ഇ.എം.എസിന്റെ ലോകത്ത്' വെളിപ്പെടുത്തിയിരിക്കുന്നത്. ജമാഅത്തിന്റെ കാര്യമിരിക്കട്ടെ, നമ്മളോ? എന്ന് മുതല്‍ക്കാണ് സി.പി.എം ദേശീയതയുടെ വക്താക്കളായത്? കശ്മീര്‍ തര്‍ക്ക പ്രദേശമെങ്കിലുമായിരുന്നു. ആര്‍ക്കും ഒരു തര്‍ക്കവുമില്ലാതിരുന്ന അക്‌സായെ ചീനും അനുബന്ധ 15000 ച.നാഴികയും ചേര്‍ന്ന ഇന്ത്യന്‍ ഭൂപ്രദേശം 1962ല്‍ ചൈന കയറിപ്പിടിച്ചപ്പോള്‍ പാര്‍ട്ടിയുടെ 'ദേശീയത' എവിടെപ്പോയിരുന്നു? 'നാം നമ്മുടെതെന്നും അവരുടേതെന്നും പറയുന്ന ഭൂമി' എന്ന ഇ.എം.എസിന്റെ കുപ്രസിദ്ധ തിരുവചനം അന്നാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇന്നുവരെ സി.പി.എം തെറ്റ് തിരുത്തുകയോ ഇ.എം.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ അവിഭാജ്യ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പര്യടനം നടത്തിയതിനെതിരെ ചൈന ഒച്ചവെച്ചപ്പോഴും സി.പി.എം മിണ്ടിയില്ല.
ഇനി കശ്മീര്‍ കാര്യം. 1965 സെപ്റ്റംബറില്‍ പാകിസ്താന്റെ പിന്തുണയോടെ നുഴഞ്ഞുകയറ്റക്കാര്‍ കശ്മീരില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യ-പാക് യുദ്ധമുണ്ടായി. രാജ്യത്തുടനീളം സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കരുതല്‍ തടങ്കലിലാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് വെളിയിലായിരുന്നു. അദ്ദേഹം സംസ്ഥാനത്തുടനീളം നടന്ന കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശക്തിയായി ചോദ്യം ചെയ്തു പ്രസംഗിച്ചത് ചരിത്രസത്യം. ദേശീയതയോടുള്ള പ്രതിബദ്ധത അന്നെവിടെപോയിരുന്നു? ന്യൂനപക്ഷ വികാരം കൊണ്ട് കളിക്കുകയായിരുന്നു ഉന്നമെന്ന് വ്യക്തം.
വേറെ പല സംഘടനകള്‍ക്കുമെന്നപോലെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിനും ജമ്മു-കശ്മീരില്‍ ഘടകങ്ങളില്ല. സി.പി.എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന ഘടകം തന്നെ അനന്തനാഗ് ജില്ലയിലെ കുല്‍ഗാമില്‍ കാരണവരായ മുഹമ്മദ് യൂസുഫ് തരിഗാമിയില്‍ ഒതുങ്ങും. അയാളുടെ പാര്‍ട്ടി എന്നല്ലാതെ കശ്മീരികള്‍ക്ക് സി.പി.എമ്മിനെപറ്റി ഒരു ചുക്കും അറിയില്ല. കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എന്നപേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെയോ പാകിസ്താനിലേയോ ജമാഅത്തെ ഇസ്‌ലാമികളുമായി അതിന് ബന്ധങ്ങളില്ല. ജമ്മു-കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അവിടെ ഇന്ത്യയും പാകിസ്താനും അംഗീകരിച്ച 1949 ജനുവരി അഞ്ചിലെ യു.എന്‍ പ്രമേയമനുസരിച്ച് ഹിതപരിശോധന നടക്കേണ്ടതാണെന്നും അതുവരെ ഇന്ത്യയോടുള്ള ലയനത്തെ താല്‍ക്കാലികമായി അംഗീകരിക്കാമെന്നുമാണ് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്. 1987 വരെ ആ പാര്‍ട്ടി ഇന്ത്യന്‍ ഭരണഘടന പ്രകാരം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. നേതാവ് സയ്യിദ് അലിഷാ ഗീലാനി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സന്ദര്‍ഭം വരെ ഉണ്ടായിട്ടുണ്ട്. '87ലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കൃത്രിമം നടക്കുകയും ഫലങ്ങള്‍ അട്ടിമറിക്കുകയും ചെയ്തപ്പോഴാണ് ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മേലില്‍ ഇലക്ഷനില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ശ്രീനഗറില്‍ സ്ഥാനാര്‍ഥിയായിരുന്ന വ്യക്തിയാണ് പിന്നീട് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായി പ്രത്യക്ഷപ്പെട്ട സലാഹുദ്ദീന്‍. അന്നുമുതല്‍ ഹിസ്ബുല്‍ മുജാഹിദീനും അല്ലാഹ് ടൈഗേഴ്‌സുമൊക്കെ സായുധ സമരത്തിന്റെ പാതയിലാണ്. ഗീലാനി മാത്രമാണ് അവരുടെ ലൈന്‍ അംഗീകരിച്ചത്. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി എല്ലാ തീവ്രവാദി ഗ്രൂപ്പുകളെയും തള്ളിപ്പറഞ്ഞു. സായുധസമരത്തെയും നിരാകരിച്ചു. അവരിപ്പോഴും അതേ നിലപാടില്‍ തന്നെ. എന്നാല്‍, സയ്യിദ് അലിഷാ ഗീലാനി തീവ്രവാദി ഗ്രൂപ്പുകളുടെ നേതാവായി, ആള്‍ പാര്‍ട്ടീസ് ഹുര്‍റിയത്ത് കോണ്‍ഫറന്‍സിനെ പിളര്‍ത്തി ഹിതപരിശോധനാ വാദവുമായി വേറിട്ടുനില്‍ക്കുകയായിരുന്നു അടുത്തകാലം വരെ. ഒടുവിലദ്ദേഹവും ഹിസ്ബുല്‍ മുജാഹിദീനെ തള്ളിപ്പറഞ്ഞിരിക്കുന്നു. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമി നിരവധി സ്‌കൂളുകളും സ്ഥാപനങ്ങളും നടത്തുന്ന,നിയമാനുസൃത മത-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനയായി ഭട്ടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഗീലാനിയെ ജമ്മു-കശ്മീരിന്റെ 'രാഷ്ട്രപിതാവായി' അവരോധിച്ചു ഹിതപരിശോധനക്കായി ശബ്ദമുയര്‍ത്തുന്നത് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗ് പാര്‍ട്ടിയാണ്! (വിശദ വിവരങ്ങള്‍ക്ക് ജമ്മു-കശ്മീര്‍ മുസ്‌ലിംലീഗിന്റെ സൈറ്റ് നോക്കുക).
വി.പി. സിങ് സര്‍ക്കാറില്‍ ക്യാബിനറ്റംഗമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് കശ്മീര്‍ കാര്യങ്ങളുടെ ചുമതല കൂടി ഏറ്റെടുത്തപ്പോള്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.തദ്‌സംബന്ധമായി അദ്ദേഹം ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗമനസ്യം തേടുകയും സംഘടന അതിനോട് ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീടത് സ്തംഭിച്ചു. വി.പി സിങ് സര്‍ക്കാര്‍ തന്നെ നിലംപതിച്ചു. ഇന്ത്യന്‍ ഭരണഘടനപ്രകാരം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയില്‍ ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളൊക്കെ ഇന്ത്യയുടെ ഭാഗം തന്നെ. കാലാകാലങ്ങളില്‍ ഇന്ത്യ ഭരിച്ച സര്‍ക്കാറുകളെല്ലാം കശ്മീര്‍ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി ഗണിച്ചു അതേപറ്റി പാകിസ്താനുമായി ചര്‍ച്ചകള്‍ നടത്തിയതാണ് അനുഭവം. പ്രശ്‌നം രമ്യമായി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെയും കാഴ്ചപ്പാട്. ഇതിലെവിടെയാണ് ദേശീയതാ വിരുദ്ധം പിണറായി കണ്ടത്? 1992 ഡിസംബര്‍ 10ന് ബാബരി മസ്ജിദ് ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നരസിംഹറാവു സര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദും ഉള്‍പ്പെട്ടിരുന്നു. അന്യായമായ നിരോധത്തെ സാധൂകരിക്കാന്‍ സര്‍ക്കാര്‍ വിഘടന വാദമായിരുന്നു കോടതി മുമ്പാകെ ഉന്നയിച്ചത്. പക്ഷേ, അത് തെളിയിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിരോധം റദ്ദാക്കി. സുപ്രീംകോടതിയേക്കാള്‍ സൂക്ഷ്മ വിവരമോ പിണറായിക്ക്? ജമാഅത്ത് വിരോധം രക്തഗ്രൂപ്പായ മതേതര ചാവേറുകളെ വീണ്ടും മാമോദിസ മുക്കി വേദിയില്‍ അണിനിരത്തിയത് പാര്‍ട്ടിയുടെ നിസ്സഹായത. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവ് അത്തരക്കാര്‍ നാളിതുവരെ ആവര്‍ത്തിച്ച നുണകള്‍ പരിശോധിക്കുകപോലും ചെയ്യാതെ സമൂഹത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്നത് ഇടിഞ്ഞ വില വീണ്ടും ഇടിക്കും.
ലേഖനങ്ങള്‍ ഏതെങ്കിലും പത്രത്തിനോ ലേഖകനോ കടപ്പെട്ടിരിക്കുന്നുവെങ്കില്‍, ആ കാര്യം സൂചിപ്പിക്കുന്നത് നന്നായിരിക്കും. അത് എഴുത്തുകാരനോടു ചെയ്യേണ്ട സാമാന്യനീതിയാണെന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. :)
ReplyDelete"വേണ്ടിവന്നാല്‍ ബി.ജെ.പിയുമായി ഒരടവുനയം പരീക്ഷിക്കുകപോലുമാവാം. പക്ഷേ, ബി.ജെ.പി അത്രത്തോളം പോവുമോ എന്നേയുള്ളൂ സംശയം. കണ്ണൂരില്‍ സക്കറിയയുടെ നേരെ തുടങ്ങി പാലേരിയില്‍ സി.ആര്‍. നീലകണ്ഠനു നേരെ പ്രയോഗിച്ച് ഒടുവില്‍ കക്കോടിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ കാട്ടിയ ഫാഷിസ്റ്റ് ശൈലിയെ പിന്തുണക്കാന്‍ ബി.ജെ.പിക്കും കഴിഞ്ഞുകൊള്ളണമെന്നില്ല.'' നാടന്‍ പട്ടിയുടെതായാലും, ആള്‍ഷ്യേഷന്‍ പട്ടിയുടെതായാലും വിസര്‍ജ്യത്തിന്റെ സ്വഭാവവും, ഗുണവും ഒന്നാണെന്നു തെള്ളിയുക്കുന്ന വരികള്‍.....എന്തൊരു ൈഎക്ക്യം....എന്തൊരു മുന്‍ ധാരണ.....സ്നേഹം...!!!
ReplyDeleteവിണ്ടും പറയട്ടെ പ്രയ സ്നേഹിതാ നിങ്ങള്‍ പരാജയപ്പെടെണ്ടാതായ ഒരാളല്ല. എന്താണ് വര്‍ഗ്ഗിയത എപ്പോഴഗിലും സുക്ഷ്മമായി പരിശോധനക്ക് വിധയമാക്കിയിട്ടുണ്ടോ. നിങ്ങള്‍ കമ്മ്യുണിസ്സത്തിന്റെ രുചി അറിയാത്തതുകൊണ്ടാണ് വര്‍ഗ്ഗിയതയെ അതില്‍ ആരോപിക്കുന്നത് . നിങ്ങളിലെ നല്ല മനുഷ്യനെയും തോല്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ പാരമ്പര്യബോധം മുന്നില്‍ വരുന്നു. അതുകൊണ്ടുതനെ നിങ്ങളിലുള്ള മാനവികവിരുദ്ധബോധത്തെ മാനവികമായിനില്‍ക്കുന്ന പ്രസ്ഥാനങ്ങളില്‍ ആരോപിക്കുകയാണ് ഇത് മനുഷ്യന്‍റെ പരാജയമാണ്...............എനിക്കു പ്രദീക്ഷയുണ്ട് മനുഷ്യനില്‍ അതുകൊണ്ടുതനെ സ്നേഹത്തിന്‍റെ മുഖമുള്ള നിങ്ങളിലും
ReplyDelete"വര്‍ഗീയത" എന്ന സംക്ഞ്ഞയെ അതിന്റെ മൂല രൂപത്തില്‍ നിന്ന് അടര്‍ത്തിയെടുക്കുകയും അതിനെ ഒരു പോതുബോധമാക്കി വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് കമ്മ്യൂണിസത്തിന് പറ്റിയ അബദ്ധം (ബുദ്ധദേവിന്റെ ബംഗാള്‍ പ്രഭാഷണം ഉദാഹരണം).
ReplyDelete