കണ്ണെത്തും ദൂരത്തെങ്ങും ഒരു പദ്ധതിയെയോ സംരഭകനെയോ കാണാനില്ലെങ്കിലും കിനാലൂരിലേക്ക് നാലുവരി പാത ഉണ്ടാക്കിയേ തീരൂ എന്ന വാശിയിലാണ് സി.പി.എം സംസ്ഥാനനേതൃത്വം. കഴിഞ്ഞ നാലു കൊല്ലക്കാലത്ത് നടപ്പിലാക്കാന്‍ കഴിയാഞ്ഞ പല പദ്ധതികളും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പെട്ടിയിലുണ്ട്. സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം എന്നിവ ഉദാഹരണങ്ങള്‍. അവയുടെ കാര്യത്തിലില്ലാത്ത താല്‍പര്യമാണ് പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ കിനാലൂരില്‍ കാട്ടുന്നത്. ഇപ്പോള്‍ അദ്ദേഹം അതിനെപ്പറ്റി സംസാരിക്കാത്ത ദിവസമില്ലെന്നുതന്നെ പറയാം. കിനാലൂര്‍ റോഡ് വികസനവും വ്യവസായ പദ്ധതിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിശ്ചയമായും നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറയുകയുണ്ടായി. നാലാളു വന്നാല്‍ പേടിച്ചോടുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകടനങ്ങള്‍ നടത്തിയാല്‍ തീരുമാനം മാറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്ന് ഏതാണ്ട് ഇതേ സ്വരത്തിലാണ് അദ്ദേഹം നാലഞ്ചു കൊല്ലം മുമ്പ് പ്രഖ്യാപിച്ചത്. മറിച്ച് കരുതുന്നത് പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തതുകൊണ്ടാണെന്ന് പരിഹസിക്കുകയും ചെയ്തു. സ്വന്തം പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവിന് പരിമിതിയുണ്ടെന്ന് പിന്നീട് വ്യക്തമായി. ജനവികാരത്തിന്റെ ശക്തിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതിയാണ് പുതിയ പ്രഖ്യാപനത്തില്‍ പ്രതിഫലിക്കുന്നത്.
റോഡ് വികസനത്തിന് മുന്നോടിയായി സര്‍വേ നടത്താനെത്തിയ ഉദേ്യാഗസ്ഥരെ തടഞ്ഞ കിനാലൂരിലെ ജനങ്ങള്‍ക്കുനേരേ പൊലീസ് അക്രമം അഴിച്ചുവിട്ടശേഷം സൗമ്യമായ ഭാഷയില്‍ പിണറായി വിജയന്‍ ഒരു നിര്‍ദേശം മുന്നോട്ടുവെച്ചു: സര്‍വേ നടക്കട്ടെ, മറ്റ് കാര്യങ്ങള്‍ പിന്നീട് സംസാരിക്കാം. തുടര്‍ന്ന് ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ പാര്‍ട്ടി നടത്തിയ പരിപാടിയില്‍ കണ്ടത് സൗമ്യഭാവമായിരുന്നില്ല. പദ്ധതി പ്രദേശത്തിലെ ശക്തിപ്രകടനമായിരുന്നു അതിലെ പ്രധാന ഇനം. ശക്തിപ്രകടനങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമാണ്. വിശദീകരണത്തിനുള്ള മാര്‍ഗങ്ങളല്ല അവ. സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രദേശത്ത് പൊലീസിനെയോ സായുധസേനയെയോ നിയോഗിക്കുമ്പോള്‍ അവര്‍ ആദ്യം ചെയ്യുന്നത് ഒരു റൂട്ട് മാര്‍ച്ച് നടത്തുകയാണ്. എതിരാളികളില്‍ ഭീതിയും ഒപ്പം നില്‍ക്കുന്നവരില്‍ ആത്മവിശ്വാസവും ഉണ്ടാക്കുകയാണ് അതിന്റെ ലക്ഷ്യം. വിശദീകരണ പരിപാടിയെന്ന മട്ടില്‍ സി.പി. എം നടത്തിയതും അത്തരത്തിലൊന്നാണ്.
അതിനുശേഷം ധനമന്ത്രി തോമസ് ഐസക് പദ്ധതിപ്രദേശത്ത് ഹിതപരിശോധന എന്ന നിര്‍ദേശവുമായി വന്നു. ഹിതപരിശോധനയില്‍ 75 ശതമാനം പേര്‍ റോഡ് പദ്ധതിയെ അനുകൂലിച്ചാല്‍ എതിരാളികള്‍ പിന്‍വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമെന്ന് തോന്നുമെങ്കിലും കിനാലൂരിലെ പൊലീസ് തേര്‍വാഴ്ചയുടെയും പാര്‍ട്ടിയുടെ ശക്തിപ്രകടനത്തിന്റെയും വെളിച്ചത്തില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് സാധ്യമാണോ എന്ന സംശയം ചില മനസ്സുകളിലെങ്കിലും ഉയര്‍ന്നു. പക്ഷേ, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ജനജാഗ്രതാസമിതി തോമസ് ഐസക്കിന്റെ വെല്ലുവിളി സ്വീകരിച്ചു. അതോടെ മന്ത്രി ഹിതപരിശോധനയെക്കുറിച്ചുള്ള സംസാരം മതിയാക്കി.
ജൂണ്‍ ഒന്നാം തീയതി തോമസ് ഐസക്ക് കിനാലൂരില്‍ പോയി പാര്‍ട്ടി സംഘടിപ്പിച്ച യോഗത്തില്‍വെച്ച് റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ തയാറുള്ളവര്‍ എഴുതിക്കൊടുത്ത സമ്മതപത്രങ്ങള്‍ സ്വീകരിച്ചു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഏകദേശം 180 കുടുംബങ്ങളില്‍ 140പരം കുടുംബങ്ങള്‍ സമ്മതപത്രം നല്‍കിയതായി അദ്ദേഹം അവകാശപ്പെട്ടു. അതായത് 81 ശതമാനം പേര്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയാര്‍! പൊലീസ് രേഖപ്പെടുത്തുന്ന കുറ്റപത്രങ്ങള്‍പോലെ നിയമസാധുതയില്ലാത്തവയാണ് ഈ സമ്മതപത്രങ്ങള്‍. സമ്മതം എഴുതിവാങ്ങാന്‍ ആരാണ് സി.പി.എമ്മിനെ ചുമതലപ്പെടുത്തിയത്? ഏത് നിയമമാണ് സമ്മതപത്രം സ്വീകരിക്കാന്‍ ധനമന്ത്രിക്ക് അധികാരം നല്‍കുന്നത്? മേയ് ആദ്യമുണ്ടായ പൊലീസ് നടപടി ന്യായീകരിക്കുമ്പോള്‍ വ്യവസായമന്ത്രി എളമരം കരീം പറഞ്ഞത് 46 കുടുംബങ്ങള്‍ ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതമാണെന്ന് എഴുതി കൊടുത്തിട്ടുണ്ടെന്നാണ്. അതിനെ പരാമര്‍ശിച്ച് ഈ ലേഖകന്‍ ഇങ്ങനെ എഴുതുകയുണ്ടായി: ''വിപുലമായ അടിത്തറയും അതിക്രമത്തിനുള്ള സന്നദ്ധതയുമുള്ള ഒരു കക്ഷിക്ക് തീര്‍ച്ചയായും സമ്മതിനിര്‍മ്മിതിക്കുള്ള കഴിവുണ്ട്''. മേയ് മധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ചശേഷം ഒരു ലേഖകന്‍ എഴുതി: ''ഏകദേശം 60 ശതമാനം കുടുംബങ്ങള്‍ റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നല്‍കുന്ന നഷ്ടപരിഹാര പാക്കേജിന് സമ്മതം എഴുതിക്കൊടുത്തിട്ടുണ്ട്''. ജൂണ്‍ ആയപ്പോള്‍ സമ്മതം 81 ശതമാനമായി ഉയര്‍ന്നു. പൊലീസ് അതിക്രമത്തിന്റെയും ശക്തിപ്രകടനത്തിന്റെയും തുടര്‍ച്ചയായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് സമ്മതി പത്രത്തിന്റെ എണ്ണം 25 ശതമാനത്തില്‍നിന്ന് 81 ശതമാനമായി പാര്‍ട്ടി ഉയര്‍ത്തിയത്. ഇതിലൂടെ വെളിപ്പെടുന്നത് പാര്‍ട്ടിയുടെ ജനാധിപത്യബോധമല്ല സമ്മതിനിര്‍മിതി സാമര്‍ഥ്യമാണ്. അധികാരത്തിലിരുന്നപ്പോള്‍ റഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 99 ശതമാനം വോട്ടോടെയാണ് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. അധികാരം നഷ്ടപ്പെട്ട ശേഷം 10 ശതമാനം വോട്ട് മാത്രമാണ് അതിന് കിട്ടുന്നത്. ഇത്തരം സമ്മതിനിര്‍മിതി വിലയിരുത്തുമ്പോള്‍ ഈ ചരിത്രവസ്തുത ഓര്‍ത്തിരിക്കേണ്ടതാണ്.
ടിവി പരമ്പരകളില്‍ അടിക്കടി കേള്‍ക്കുന്ന ഒരു സംഭാഷണശകലമുണ്ട്: ''അത് എന്റെ വാശിയാണ്''. അത് പറഞ്ഞുകഴിയുമ്പോള്‍ ശരിതെറ്റുകള്‍ക്ക് പ്രസക്തിയില്ല. സീരിയല്‍ കഥാപാത്രം അത്തരത്തിലൊരു പ്രസ്താവം നടത്തുമ്പോള്‍ അതിന്റെ കാരണം പരമ്പര പതിവായി കാണുന്നവര്‍ക്ക് മനസ്സിലാകും. എന്നാല്‍ വികസനത്തിന്റെ പേരില്‍ ഇവിടെ അരങ്ങേറുന്ന അസംബന്ധ നാടകം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഇല്ലാത്ത വ്യവസായങ്ങളുടെ പേരില്‍ പാര്‍ട്ടി കാണിക്കുന്ന വാശിയുടെ കാരണം വ്യക്തമല്ല. എന്ത് വ്യവസായമാണ് അവിടെ കൊണ്ടുവരുന്നതെന്ന സ്ഥലവാസികളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാറിനോ പാര്‍ട്ടിക്കോ കഴിയുന്നില്ല. ഇപ്പോള്‍ ഈ ചോദ്യം സി.പി.എം വിരുദ്ധത ആരോപിക്കാനാവാത്ത ശാസ്ത്രസാഹിത്യ പരിഷത്തും പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. ഉപഗ്രഹനഗരം നിര്‍മിക്കാമെന്നു പറഞ്ഞ മലേഷ്യന്‍ സ്ഥാപനവുമായുണ്ടാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പരിപാടി തുടങ്ങിയത്. ആ സ്ഥാപനം നിര്‍മാണകമ്പനിയാണെന്നും അതിന് വ്യവസായം തുടങ്ങാനാവില്ലെന്നും കമ്പനിയെക്കുറിച്ച് പഠിച്ച ജോസഫ് സി. മാത്യു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ധാരണപത്രം കാലഹരണപ്പെട്ടു കഴിഞ്ഞതിനാല്‍ ഇനി ആ കമ്പനിയില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ട് ഏതായാലും കാര്യവുമില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയെ എതിര്‍ക്കുന്നവരുമായി സംസാരിച്ചും അവര്‍ മുന്നോട്ടുവെച്ച ബദല്‍ പദ്ധതി പരിഗണിച്ചും എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു തീരുമാനത്തിലെത്താനുള്ള അവസരം സര്‍ക്കാറിനുണ്ടെന്നിരിക്കെ എന്ത് വില കൊടുത്തും അത് നടപ്പാക്കാനായി നേരിട്ട് കളത്തിലിറങ്ങിയത് എന്തിനാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം. കിനാലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യവസായമന്ത്രി സമ്മതിച്ചിട്ടുണ്ട്. വികസനപ്രദേശങ്ങളില്‍ സാധാരണഗതിയില്‍ നടക്കുന്ന ക്രയവിക്രയങ്ങളെ അവിടെ നടന്നിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ പ്രശ്‌നത്തെ അങ്ങനെ ലഘൂകരിക്കാനാവില്ല. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത പല ഇടപാടുകളും നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ഇടപാടുകളില്‍ ഉള്‍പ്പെട്ടവരുടെ വാണിജ്യരാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ പാര്‍ട്ടിയുടെ ധിറുതിയുടെയും വാശിയുടെയും കാരണങ്ങള്‍ കണ്ടെത്താനായേക്കും.
കിനാലൂര്‍ പ്രശ്‌നത്തില്‍ സര്‍വകക്ഷി സമ്മേളനം വിളിക്കുമെന്നും റോഡ്പദ്ധതിയെ എതിര്‍ക്കുന്ന സംഘടനകളുടെ പ്രതിനിധികളെയും ക്ഷണിക്കുമെന്നും മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ട് ദിവസങ്ങളായി. യോഗത്തില്‍ രാഷ്ട്രീയ കക്ഷികള്‍ മാത്രം മതിയെന്ന നിലപാടാണ് വ്യവസായമന്ത്രി സ്വീകരിച്ചിട്ടുള്ളത്. അവര്‍ക്കിടയിലെ അഭിപ്രായഭിന്നത മൂലമാണ് യോഗം വൈകുന്നതെന്ന് കരുതാന്‍ ന്യായമുണ്ട്. പാര്‍ട്ടി കല്പന നല്‍കിയാല്‍ അനുസരിക്കാന്‍ ബാധ്യസ്ഥനായ മുഖ്യമന്ത്രിയാണ് അച്യുതാനന്ദന്‍. ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളെ മാറ്റി നിര്‍ത്തി രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ മാത്രം വിളിച്ച് അനുകൂല തീരുമാനമെടുപ്പിക്കാനാകും സി.പി.എം നേതൃത്വം ഇനി ശ്രമിക്കുക. റോഡ്‌വികസനം പോലുള്ള കാര്യങ്ങളില്‍ അധികാരമൊഴിയാന്‍ പോകുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെയും അധികാരത്തിലേറാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസ്‌പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെയും നിലപാടുകള്‍ ഏറക്കുറെ ഒന്നാണെന്ന് അവരുടെ പ്രസ്താവനകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുകക്ഷികളും ചില സ്ഥാപിതതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതുമൂലമാണ് അവര്‍ക്കിടയില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ വികസന പ്രശ്‌നങ്ങളില്‍ അവസാനവാക്ക് അവര്‍ നയിക്കുന്ന മുന്നണികള്‍ക്ക് വിട്ടുകൊടുത്താല്‍ വിജയിക്കുക വിശാല ജനകീയ താല്പര്യങ്ങളാവില്ല, സ്ഥാപിതതാല്പര്യങ്ങളാകും. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട ജനകീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും വിശ്വാസത്തിലെടുത്തേ മതിയാകൂ. അവരെ ഒഴിവാക്കി എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങള്‍ പുച്ഛത്തോടെ തിരസ്‌കരിക്കും.
No comments:
Post a Comment