Ind disable

Sunday, July 25, 2010

വിവേകം എല്ലാവര്‍ക്കും നല്ലത്..!!

പൊതുബോധം വര്‍ഗീയവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സങ്കുചിതരാഷ്ട്രീയക്കാരും തല്‍പരകക്ഷികളും അതിന് വശപ്പെട്ടുപോകുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍, സാമൂഹികസന്തുലനവും സമുദായസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികള്‍ കാറ്ററിഞ്ഞ് പാറ്റാന്‍ നില്‍ക്കേണ്ടവരല്ല. അതിക്രമത്തിന്റെ സൈദ്ധാന്തികവിശകലനം നടത്തുകയല്ല, അക്രമികളുടെ കൈക്ക് പിടിക്കുകയാണ് അവരുടെ ജോലി. അവിവേകികളുടെ കടുംചെയ്തികള്‍ക്ക് കാടടച്ച വെടിയല്ല, പഴുതടച്ച പരിഹാരമാണ് ജനാധിപത്യഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്.

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തിലെ കക്ഷികളായ പോപ്പുലര്‍ഫ്രണ്ടിനെ പരാമര്‍ശിക്കെ, കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ന്യൂദല്‍ഹിയില്‍ നടത്തിയ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇതു പറയേണ്ടിവരുന്നത്. ഇരുപതുകൊല്ലം കഴിയുമ്പോള്‍ കേരളത്തെ മുസ്‌ലിം ഭൂരിപക്ഷസംസ്ഥാനമാക്കി മാറ്റാന്‍ പോപ്പുലര്‍ഫ്രണ്ട് ബോധപൂര്‍വം ശ്രമിക്കുന്നതായി ആരോപിച്ച മുഖ്യമന്ത്രി പോപ്പുലര്‍ ഫ്രണ്ട് വേട്ടയുടെ മറവില്‍ സംസ്ഥാനത്ത് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതായ ആരോപണം തീവ്രവാദികളെ രക്ഷിക്കാന്‍വേണ്ടിയുള്ള നീക്കമാണെന്ന് കുറ്റപ്പെടുത്തുന്നു. അത്യന്തം ദുരൂഹവും ദുരുപദിഷ്ടവുമാണ് മുഖ്യമന്ത്രിയുടെ 'വെളിപ്പെടുത്തലുകള്‍' എന്ന് പറയാതെ വയ്യ. കൈവെട്ട് കേസന്വേഷണത്തിന്റെ പാതിവഴിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തത് മുന്‍പിന്‍ നോക്കാതെ എടുത്തോതുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് ഗുരുതരമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ദീക്ഷിക്കേണ്ട സാമാന്യമര്യാദ ആ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നില്ല. ഏതോ വൈരനിര്യാതന ആവേശത്തില്‍ വി.എസ് നടത്തിയ ജല്‍പനങ്ങളില്‍ ചിലതിന് പ്രാമാണികനായ കമ്യൂണിസ്റ്റ് നേതാവിന്റെയല്ല, രാജ്യത്തെ 'വെറുക്കപ്പെട്ട' ചിലരുടെ സ്വരത്തോടാണ് കൂടുതല്‍ സാമ്യം. പോപ്പുലര്‍ഫ്രണ്ടിന്റെ 'മുസ്‌ലിം ഭൂരിപക്ഷയജ്ഞ'ത്തിനും, തീവ്രവാദിവേട്ട നിരപരാധവേട്ടയായി മാറുന്നുവെന്ന പൊതു ആക്ഷേപത്തിനും എതിരായ കണ്ണുംപൂട്ടിയുള്ള കമന്റുകള്‍ ഈ കടംകൊണ്ട ശൈലിയുടെ ഉദാഹരണങ്ങളാണ്.

മൂവാറ്റുപുഴ സംഭവത്തില്‍ അന്വേഷണങ്ങള്‍ നേരാംവണ്ണം മുന്നോട്ടുപോകുകയാണെന്ന് മേല്‍നോട്ടം വഹിക്കുന്ന പൊലീസ് മേധാവികളും അധികൃതരും അവകാശപ്പെടുന്നു. കേസിലെ യഥാര്‍ഥപ്രതികളെ വളരെവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നത് സൗഹൃദത്തിന്റെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ കേരളീയരുടെയും ആവശ്യമാണ്. ഭിന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്നതിന് മത, സമുദായ മേല്‍വിലാസങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെ കേരളത്തിലെ മുഴുവന്‍ സംഘടനകളും രംഗത്തുവന്നതാണ് മൂവാറ്റുപുഴ സംഭവത്തെതുടര്‍ന്നു കേരളം കണ്ടത്. പരിക്കേറ്റ അധ്യാപകന് രക്തം നല്‍കാന്‍ മുസ്‌ലിംയുവാക്കള്‍ സന്നദ്ധരായതും സമുദായനേതാക്കള്‍ ഒന്നിച്ചിരുന്ന് കൂട്ടായ മുന്നോട്ടുപോക്കിനുള്ള വഴികളാരാഞ്ഞതും കേരളത്തിന്റെ സ്വന്തം നന്മ വിളിച്ചോതിയ സംഭവങ്ങളായിരുന്നു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത കുത്തിപ്പൊക്കാനും വര്‍ഗീയതകൊണ്ടു തന്നെ അതിനെ ചെറുക്കാനുമുള്ള ആപത്കരമായ നീക്കങ്ങള്‍ക്ക് തടയിടാനുള്ള ദൃഢനിശ്ചയത്തില്‍ സമൂഹം ഒറ്റക്കെട്ടായിനിന്നു. മുസ്‌ലിംസമുദായത്തിന്റെ പേരില്‍ മുതലെടുപ്പിന് ശ്രമിച്ച അവിവേകികളുടെ ചെറു ന്യൂനപക്ഷം സമുദായത്തിനകത്ത് തീര്‍ത്തും ഒറ്റപ്പെട്ടതുതന്നെ ഇതിനു തെളിവാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ പരമതവിദ്വേഷം ആളിക്കത്തിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ സാമൂഹികബഹിഷ്‌കരണമെന്ന ശക്തമായൊരു പ്രതിരോധം സമീപകാലത്തൊന്നും ദൃശ്യമായിട്ടില്ല.

ഈയൊരു ജനാധിപത്യ, മതനിരപേക്ഷ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയാണ് വിവാദപ്രസ്താവനയിലൂടെ വി.എസ് ചെയ്തത്. ഒറ്റപ്പെട്ടുപോയ ശിഥിലീകരണശക്തികള്‍ക്ക് അനാവശ്യപ്രസ്താവനയിലൂടെ അദ്ദേഹം പിടിവള്ളിയെറിഞ്ഞുകൊടുത്തു. കുറ്റവാളികളെ ഒറ്റപ്പെടുത്തി സമുദായത്തിന്റെ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം ഫലപ്രദമാകണമെന്നതിനാലാണ് പൊലീസ് റെയ്ഡ് കൈവിട്ടു പോകുമെന്നു തോന്നിയ സന്ദര്‍ഭത്തില്‍ മുസ്‌ലിംനേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു നിവേദനം നല്‍കിയത്. കേസന്വേഷണത്തിന്റെ പേരില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രി മുസ്‌ലിംനേതാക്കള്‍ക്ക് ഉറപ്പുനല്‍കിയതുമാണ്. എന്നിരിക്കെ കാര്യങ്ങള്‍ സാമുദായികസ്‌പര്‍ധയിലേക്ക് കൈവിട്ടുപോകാതിരിക്കാന്‍ അന്വേഷണസംവിധാനത്തിനും ഭരണകൂടത്തിനും ആവുന്നത്ര സഹായസഹകരണങ്ങള്‍ നല്‍കിയവരെ തീവ്രവാദികളുടെ പിന്തുണക്കാരായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് ആരെയാണ് സഹായിക്കുക? കേരളത്തെ മുസ്‌ലിംഭൂരിപക്ഷ സംസ്ഥാനമാക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും പണവും പ്രണയവും മുതല്‍ കൈകാല്‍വെട്ടും തലയെടുക്കലുമൊക്കെയാണ് അതിന്റെ പണിയായുധങ്ങള്‍ എന്നും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി വെളിപ്പെടുത്തുമ്പോള്‍, അത് വിവിധ സമുദായങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? ആയുഷ്‌കാലം മുഴുവന്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വേലിക്കകത്ത് കഴിഞ്ഞൊരാള്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കില്‍ പിന്നെ മഹത്തരവും മാനുഷികവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ആ ആശയസംഹിതക്കെന്തര്‍ഥം?

നിക്ഷിപ്തതാല്‍പര്യക്കാരായ രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വന്തം കാര്യപരിപാടികള്‍ നിവര്‍ത്തിക്കാനുള്ള ഏറ്റവും നല്ല തുറുപ്പുശീട്ടാണ് മതവികാരം. മതവികാരത്തിന്റെ ഈ കച്ചവടസാധ്യതയിലാണ് കൈവെട്ടും തുടര്‍സംഭവങ്ങളും കൊഴുപ്പിക്കുന്നവരും കണ്ണുവെച്ചിട്ടുള്ളത്. കുറ്റവാളികളുടെ പശ്ചാത്തലവും മത,രാഷ്ട്രീയസംഘടനാ മേല്‍വിലാസവുമെല്ലാം വ്യക്തമായിട്ടും അവിടംകൊണ്ട് മതിയാക്കാതെ തീവ്രവാദ ഇനത്തില്‍ നേരത്തേ ഉള്‍ക്കൊള്ളിക്കപ്പെട്ട പൂര്‍വസംഭവങ്ങളെയൊക്കെ മൂവാറ്റുപുഴയിലേക്ക് വലിച്ചിഴച്ച് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മെഗഫോണ്‍ ചമഞ്ഞ് ചില മാധ്യമങ്ങള്‍ കാണിക്കുന്ന അത്യാവേശം ഇതിനുദാഹരണമാണ്. അതിലും നികൃഷ്ടമാണ് സ്വന്തം ഉള്ളിലിരിപ്പ് പുറത്തായാലും കുഴപ്പമില്ല, വൈരനിര്യാതനസുഖം തന്നെ കാര്യം എന്ന മട്ടില്‍ ഇറങ്ങിത്തിരിച്ച ചിലരുടെ നിലപാട്. നമ്മുടെ രാഷ്ട്രീയമണ്ഡലത്തിലും മാധ്യമരംഗത്തും ഉദ്യോഗസ്ഥതലത്തിലുമെല്ലാമുള്ള വര്‍ഗീയതയുടെ ഈ കരുതിവെപ്പുകാര്‍ തരംകിട്ടുമ്പോഴെല്ലാം മനംപിരട്ടി തികട്ടുന്നത് പൊന്നാനി ലോക്‌സഭാസീറ്റിലെ തെരഞ്ഞെടുപ്പ് മുതല്‍ മൂവാറ്റുപുഴ വരെയുള്ള സമീപകാലസംഭവങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
അക്രമികള്‍ അവിവേകികളാണ്. നിയമം കൈയിലെടുത്തും സമാധാനാന്തരീക്ഷം തകര്‍ത്തും അവര്‍ ശിഥിലീകരണത്തിന് ആക്കംകൂട്ടുമ്പോള്‍ അസ്വസ്ഥതകള്‍ക്ക് അറുതിവരുത്തേണ്ടത് ഭരണകൂടമാണ്. അതിനെ നയിക്കുന്നവര്‍ക്ക് വിവേകം കൂടിയേ തീരൂ. അത് നഷ്ടപ്പെട്ടാല്‍ പിന്നെ ആര് ആരെ രക്ഷിക്കും?

Saturday, July 24, 2010

കൈപ്പത്തി തുന്നിച്ചേര്‍ക്കാം, പക്ഷേ സമൂഹത്തിന്റെ ഹൃദയമോ?

മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്‌. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോള്‍ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലര്‍ത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാന്‍ നമുക്കു തീര്‍ച്ചയായും കഴിയും.

അപ്പോള്‍ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ്‌ മലീമസമായിരിക്കുന്നു, മതങ്ങളുടെ മനസ്‌ വിഷലിപ്‌തമായിരിക്കുന്നു. ഇതിനെല്ലാം വെടിമരുന്നിട്ടു തിരികൊളുത്തിക്കൊടുത്തതാരാണ്‌ ? ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റബോധത്തോടെ ഞാന്‍ തുറന്നുപറയുന്നു. ഇക്കാര്യത്തില്‍ ഒന്നാം പ്രതിയായി പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടതു മാധ്യമങ്ങളാണ്‌. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ മാധ്യമങ്ങള്‍ ഇത്രയധികം അപഹാസ്യമായ കാലഘട്ടമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ എന്നു പറയുമ്പോള്‍ എന്റെ മനസിലുള്ളതു ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ തന്നെ.

മതനിന്ദ നടത്തിയെന്ന്‌ ആരോപിച്ചുകൊണ്ട്‌ ഒരുസംഘം മുസ്ലിം തീവ്രവാദികള്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയതാണു പുതിയ സംഭവവികാസം.

സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യ ത്തിലെ വാചകങ്ങള്‍ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യാ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടര്‍ന്നു സ്വന്തം മതത്തില്‍ അധിഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്‌തികളുടെ ഏജന്റന്‍മാരായ ചിലര്‍ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടര്‍ന്നു ഭീകര പ്രവര്‍ത്തനത്തിന്റെ പലേ ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു. അതു ചിത്രത്തിന്റെ മറ്റൊരു വശം. അതു ഭാവിയില്‍ നമുക്കു വേറെ വിശകലനം ചെയ്യാം.

എന്തായാലും പ്രഫസര്‍ ജോസഫ്‌ അങ്ങനെയൊരു ചോദ്യം തയാറാക്കിയതു ഹീനമായ ഒരു കാര്യമാണെന്നും അതിനെ നേരിട്ട മുസ്ലിം നാമധാരികളുടെ പാതകം പൈശാചികമായിപ്പോയെന്നുമുള്ള അഭിപ്രായക്കാരനാണു ഞാന്‍. അതിലോലമായ സന്തുലിതത്വം വഴി മനസമാധാനം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ ഹൃദയത്തുടിപ്പ്‌ മനസിലാക്കാനാവാത്ത ഒരാള്‍ എങ്ങനെ ഒരു കോളജ്‌ പ്രഫസറായി കഴിയുന്നു എന്നാണ്‌ എനിക്കു മനസിലാകാത്തത്‌.

പ്രഫസര്‍ ജോസഫിനെക്കുറിച്ചു സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകടിപ്പിച്ച അഭിപ്രായം അക്ഷരംപ്രതി ശരിയാണ്‌. മഠയനായ ഒരു അധ്യാപകന്‍ ചെയ്‌ത മഠയത്തരമാണ്‌ ഈ കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായതെന്നാണു മന്ത്രി ബേബി പറഞ്ഞത്‌. അദ്ദേഹം അത്രയും പറഞ്ഞാല്‍ പോരായിരുന്നു. സമനില തെറ്റിയ ഒരധ്യാപകന്റെ ഭ്രാന്ത്‌ എന്നാണ്‌ ആ ചോദ്യത്തേപ്പറ്റി മന്ത്രി ബേബി ധൈര്യപൂര്‍വം പറയേണ്ടിയിരുന്നത്‌.

ഇവിടെയാണു മലയാളത്തിലെ ചില വാര്‍ത്താ ചാനലുകളുടെ നികൃഷ്‌ടമായ മുഖം കേരളം കണ്ടത്‌. ഒരു കോളജിലെ ക്ലാസ്‌ പരീക്ഷയില്‍ വെളിവില്ലാത്ത ഒരധ്യാപകന്‍ കാണിച്ച പിഴവായി സംഭവം കണ്ടാല്‍ മതിയായിരുന്നു. പക്ഷേ, എന്തു വാര്‍ത്തയും കൊടുത്തു കാണികളെ ആകര്‍ഷിക്കേണ്ടതിന്റെ ഭാഗമായി ഒരു വാര്‍ത്താ ചാനല്‍ ഈ ചെറിയ ചോദ്യക്കടലാസ്‌ സംഭവം ഭൂകമ്പം പോലൊരു വാര്‍ത്തയാക്കി. മണിക്കൂറുകള്‍ ആ വാര്‍ത്ത ചാനലില്‍ നിറഞ്ഞുനിന്നു. പിന്നെ അതേക്കുറിച്ചു നീണ്ടുനിന്ന ചാനല്‍ ചര്‍ച്ചകള്‍. ഒടുവില്‍ അതാണ്‌ ഏറ്റവും വലിയ വാര്‍ത്തയെന്നു തെറ്റിദ്ധരിച്ച്‌ അച്ചടി മാധ്യമങ്ങളും അടുത്തദിവസം അതു വാലിയ വാര്‍ത്തയാക്കി മാറ്റി. കേരളീയരെ ഉല്‍ബുദ്ധരാക്കുന്നതില്‍ കനപ്പെട്ട സംഭാവന ചെയ്‌തിട്ടുള്ള മലയാളത്തിലെ അച്ചടി മാധ്യമങ്ങള്‍ മാനസികവും സാംസ്‌കാരികവുമായി പക്വത നേടിയിട്ടില്ലാത്ത ചിലര്‍ നയിക്കുന്ന വാര്‍ത്താചാനലുകളെ മാതൃകയായി സ്വീകരിക്കുന്ന ഗതികേടില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ഇന്നു വാര്‍ത്താ ചാനലുകളാല്‍ നയിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങള്‍ അവരുടെ മാന്യമായ വഴി കണ്ടെത്തിയില്ലെങ്കില്‍ കേരളത്തെ അലങ്കോലപ്പെടുത്തുന്നതിന്റെ പാപഭാരം അവര്‍ക്കും ചുമക്കേണ്ടി വരും.

മുസ്ലീം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടിയെ രാഷ്‌ട്രീയമായി തേജോവധം ചെയ്യാന്‍ കോഴിക്കോട്‌ മിഠായിത്തെരുവില്‍നിന്ന്‌ ഒരു പിഴച്ചപെണ്ണിനെ ടെലിവിഷന്‍ സ്‌റ്റുഡിയോയില്‍ ആദരിച്ചു കൊണ്ടുവന്നിരുത്തി അതു കേരളത്തിന്റെ ഏറ്റുവും വലിയ വാര്‍ത്തയായി മണിക്കൂറുകള്‍ ഇന്ത്യാവിഷന്‍ ചാനല്‍ ആഘോഷിച്ച അന്നു തുടങ്ങി വാര്‍ത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ 'കുലീന കന്യക' പിറ്റേദിവസം പാടേ നിഷേധിച്ചപ്പോള്‍ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്‌. പിന്നീട്‌ ആ 'കന്യക' സംസ്‌ഥാന സര്‍ക്കാരിന്റെ ഗുണ്ടാ ലിസ്‌റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാര്‍ത്താ ചാനലുകളില്‍ കേരളം കണ്ടു. ഒരു വിമാനം പറന്നുയരുന്ന ഉദ്വേഗജനകമായ നിമിഷത്തില്‍ മന്ത്രി പി.ജെ. ജോസഫ്‌ ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകള്‍ ദിവസങ്ങള്‍ ആഘോഷിച്ച മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോള്‍, എവിടെയാണ്‌ ആ സ്‌ത്രീ കഥാപാത്രമിപ്പോള്‍? വാര്‍ത്താ ചാനലുകളുടെ നടത്തിപ്പുകാര്‍ക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുമൊക്കെയില്ലേ?

ഏറ്റവും ഒടുവില്‍ എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ.യെ കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ്‌ പിടികൂടിയെന്ന വാര്‍ത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോര്‍ട്ട്‌ ചെയ്‌തു. ആ വാര്‍ത്താ പിന്നെ ചാനലില്‍ തോരണം കെട്ടി രണ്ടുദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം. ചന്ദ്രന്‍ നിയമസഭയില്‍ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അതിനു സ്‌ഥിരീകരണം നല്‍കി.

ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്‌. ഹര്‍ത്താല്‍ ദിവസം സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ സംരക്ഷണം തേടി രണ്ടു കാറില്‍ വിതുര സ്‌റ്റേഷനില്‍ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗള്‍ഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടര്‍ പ്രസാദ്‌ പണിക്കരും ഭാര്യയുമെന്ന്‌. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാന്‍ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്‌ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്‌.

ഒടുവില്‍ ഈ അശ്ലീലകഥ നിയമസഭാ നടപടികളില്‍ നിന്നു നീക്കം ചെയ്യാന്‍ സി.പി.എമ്മുകാരനായ സ്‌പീക്കര്‍ കെ. രാധാകൃഷ്‌ണന്‍ ധൈര്യം കാണിച്ചപ്പോള്‍ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കര്‍മാരില്‍ ഒരാളായി മാറുകയും ചെയ്‌തു.

അതേക്കുറിച്ചു പാരമ്പര്യവാദികളായ സി.പി.എം. പ്രവര്‍ത്തകരുടെ രാഷ്‌ട്രീയ വാരികയായ ജനശക്‌തി പ്രകടിപ്പിച്ച അഭിപ്രായം ഏതൊരു മാധ്യമപ്രവര്‍ത്തകന്റേയും തൊലിയുരിച്ചു കളയുന്നതാണ്‌. (ദേശാഭിമാനി മുന്‍ അസിസ്‌റ്റന്റ്‌ എഡിറ്റര്‍ ജി. ശക്‌തിധരന്‍ പത്രാധിപരായുള്ള ജനശക്‌തി മുഖ്യമന്ത്രി അച്യുതാനന്ദന്റെ അനുഗ്രഹാശിസുകളോടെ നടത്തുന്ന വാരികയാണെന്നാണു പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം നേതാക്കള്‍ പ്രചരിപ്പിക്കുന്നത്‌). ജനശക്‌തിയുടെ രാഷ്‌ട്രീയ റിപ്പോര്‍ട്ട്‌ ഇങ്ങനെയായിരുന്നു. ''അബ്‌ദുള്ളക്കുട്ടിയെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിക്കാന്‍ ഒരു പകലും രാത്രിയും മുഴുവന്‍ സ്‌റ്റുഡിയോയും ക്യാമറയും തുറന്നുവച്ച കൈരളി ചാനലിന്റെ മരണവെപ്രാളം മാധ്യമരംഗത്തെ വേറിട്ട കാഴ്‌ചയായി. ഈ വിഷയത്തില്‍ എരിവും പുളിയും ചേര്‍ത്തു മദാലസയുടെ നൃത്താവതരണം പോലെ ആഘോഷിച്ച ഈ വാര്‍ത്താവതാരകന്‌ ഒരു വിടന്റെ ഭാവമായിരുന്നു. അമ്മയും സഹോദരിയും കുടുംബവുമുള്ള ഒരുവനും മാധ്യമപ്രവര്‍ത്തനത്തെ ഇവ്വിധം ഒരു കൂട്ടിക്കൊടുപ്പുകാരന്റെ ജോലിയാക്കി മാറ്റുകയില്ലായിരുന്നു.''

ഈ നാടകത്തിന്റെ ദാരുണമായ വശം കെട്ടുകഥയിലൂടെ അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ പ്രസാദ്‌ പണിക്കര്‍ കൈരളി ടി.വി.യുടെ പ്രധാന ഓഹരിക്കാരനാണെന്നതാണ്‌. കുടുംബസമേതം തറവാട്ടില്‍ ചെന്നു അച്‌ഛനേയും മറ്റും കാണാന്‍ വന്ന പ്രസാദ്‌ പണിക്കര്‍ പറഞ്ഞത്‌ ഇമ്മാതിരി വൃത്തികെട്ട നേതാക്കളുള്ള കേരളത്തിലേക്ക്‌ താനിനി വരികയേയില്ലെന്നാണ്‌. കേരളീയര്‍ ലജ്‌ജിച്ചു തലതാഴ്‌ത്തട്ടെ. കൈരളിക്കു ലജ്‌ജയില്ലാത്തതുകൊണ്ട്‌ അവരതു ചെയ്യേണ്ടതില്ല.

പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ ഈ മാതിരി വൃത്തികെട്ട അശ്ലീല കെട്ടുകഥ വാര്‍ത്താചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത്‌. വായനക്കാരുടെ എണ്ണം പരിശോധിക്കുന്ന ഒരു ഏജന്‍സിയുടെ എ.ഐ.ഒ. റേറ്റിംഗ്‌ അനുസരിച്ചാണു പരസ്യക്കമ്പനിക്കാര്‍ ചാനലുകള്‍ക്കു പരസ്യം നല്‍കുന്നത്‌. ഇതാണു സ്‌ഥിതിയെങ്കില്‍ കാണികളെ വര്‍ധിപ്പിക്കാന്‍ വാര്‍ത്താചാനലുകളില്‍ ബലാത്സംഗം പോലും ലൈവ്‌ ആയി കാണിക്കുന്ന ദിനങ്ങള്‍ വിദൂരമല്ലെന്നാണു തോന്നുന്നത്‌.

പ്രേക്ഷകരുടെ അധമവികാരങ്ങളെ ചൂഷണം ചെയ്‌തുകൊണ്ട്‌ അന്തിമമായി കേരളത്തെ അടിമുടി മലീമസമാക്കുന്ന വാര്‍ത്താചാനലുകളുടെ വഴിപിഴച്ച ഈ പോക്കിനെതിരേ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒരുപോലെ ശബ്‌ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെ ശബ്‌ദമുയരുമെന്ന്‌ എനിക്കു തോന്നുന്നില്ല. ചാനലുകളുടെ പിഴച്ച പോക്കിനെ എതിര്‍ത്താല്‍ തങ്ങളുടെ മുഖം ചാനലുകളില്‍ പ്രത്യക്ഷപ്പെടില്ലെന്ന്‌ ഈ നേതാക്കള്‍ ഭയപ്പെടുന്നുണ്ടാകും. ആത്മവഞ്ചനയും ഭീരുത്വവുമാണല്ലോ നമ്മുടെ സാംസ്‌കാരിക നായകരുടെ പ്രധാന മുഖമുദ്രകള്‍?

പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും ക്രൈസ്‌തവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന്‌ ഓര്‍മപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത ജീവിതത്തെ മനസിലാക്കാന്‍ കഴിയാതിരുന്ന ചില മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.

പക്ഷേ, അതിനെ അപലപിക്കാന്‍ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂര്‍വം വിസ്‌മരിച്ച പലേ നഗ്നയാഥാര്‍ഥ്യങ്ങളുമുണ്ട്‌. കൈ വെട്ടിയതിനെ അതിശക്‌തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ്‌ മുറിയില്‍ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പില്‍ വച്ച്‌ ഒരധ്യാപകന്റെ കഴുത്ത്‌ കൊടുവാള്‍ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്‌. മാറാട്‌ കടപ്പുറത്ത്‌ എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളില്‍ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.

ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരില്‍ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞും കൊന്നിരിക്കുന്നത്‌. കുഷ്‌ഠരോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്‌. കൈവട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാര്‍ മറക്കുന്ന ഒരു കാര്യമുണ്ട്‌.

പെരുമ്പാവൂരില്‍ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞിറങ്ങിയ ഒരു വര്‍ഗീസിനെ സഭാ വഴക്കിന്റെ പേരില്‍ കുത്തിമലര്‍ത്തി കൊന്ന കേസില്‍ വൈദികന്‍ വരെ പ്രതിയാണ്‌. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ്‌ പിടിയിലായതു വൈദികരാണ്‌. ഇവരെല്ലാം ഭീകരവാദികളല്ലെന്ന്‌ ആര്‍ക്കാണു പറയാന്‍ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോര്‍ക്കണം.

Sunday, July 11, 2010

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?
-പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയെ തൂക്കാന്‍ വൈകുന്നതിനെക്കുറിച്ച് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ ചോദ്യം.
മനസ്സിന്റെ നില തെറ്റിയ ഗഡ്കരിയെ മനോരോഗ വിദഗ്ധനെ കാണിക്കണം.
-ബി.ജെ.പി പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് തിവാരിയുടെ രോഷ പ്രകടനം.

രണ്ടിനുമില്ല നിലവാരമെന്നത് നില്‍ക്കട്ടെ. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മൂന്നു ഡസനോളം വരുന്നവരില്‍ മിക്കവാറും അവസാനത്തെ പേരുകാരനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ആദ്യമേ നടപ്പാക്കണമെന്ന് ഗഡ്കരിയും കൂട്ടരും വാദിക്കുന്നത്, അവര്‍ ദേശഭക്തിയുടെ കുത്തകാവകാശികളായതു കൊണ്ടാണ്. ഗോദ്‌സെ ഗാന്ധിയെ കൊന്നത് ദേശഭക്തി മൂത്തിട്ടാണ്. സംശയത്തിന്റെ ആനുകൂല്യം സമ്പാദിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരതയില്‍ നിന്ന് അന്ന് ആര്‍.എസ്.എസ് രക്ഷപ്പെട്ടത്. വാജ്‌പേയി-അദ്വാനിമാര്‍ നയിച്ച സംഘം ബാബരി മസ്ജിദ് പൊളിച്ച് ഹൈന്ദവതയില്‍ അധിഷ്ഠിതമായ ദേശഭക്തി പിന്നീട് ഊട്ടിയുറപ്പിച്ചു. അതൊക്കെ പിന്നിട്ട് ദേശഭക്തിയില്‍ അധിഷ്ഠിതമായ ഭീകരതയുടെ പുത്തന്‍ വഴികളിലാണ് സംഘ്പരിവാരം. അതില്‍ ചിലത്:

2007 ഫെബ്രുവരി 18ന് നടന്ന സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനം: കൊല്ലപ്പെട്ടത് 68 പേര്‍. കൂടുതലും പാകിസ്താന്‍കാര്‍. ലശ്കറെ ത്വയ്യിബ, ജെയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന പ്രാഥമിക നിഗമനത്തോടെ നടത്തിയ അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകളില്‍ പാക്കിസ്താന്‍ പൗരന്‍ അസ്മത് അലിയുമുണ്ട്. പക്ഷേ, കാര്യങ്ങള്‍ പിന്നീട് മാറി മറിഞ്ഞു. അന്വേഷണം നീണ്ടത് ഹിന്ദുത്വ പങ്കാളിത്തത്തിലേക്ക്. മൂന്നു മാസത്തിന് ശേഷം, ഹൈദരാബാദ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച അതേ സംവിധാനമാണ് സംഝോതയിലും ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആര്‍.എസ്.എസ് പ്രചാരകരായ സന്ദീപ് ദാങ്‌ഗെ, രാംജി എന്നിവരെ പൊലീസ് തെരയുന്നു.

2008 സെപ്റ്റംബര്‍ 29ലെ മാലേഗാവ് സ്‌ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീനെന്ന് തുടക്കത്തില്‍ പൊലീസിന്റെ വിശദീകരണം. പക്ഷേ, പിന്നീട് നടന്ന അന്വേഷണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘങ്ങളായ അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നിയുടെ പങ്കാളിത്തമാണ് തെളിഞ്ഞത്. അറസ്റ്റു ചെയ്യപ്പെട്ടവര്‍: പ്രജ്ഞാസിംഗ് ഠാക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്ന സ്വാമി അമൃതാനന്ദ് ദേവതീര്‍ഥ്. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ബി.ജെ.പി മുന്‍പ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങുമായി വേദി പങ്കിട്ടതിന്റെ ചിത്രം, ഇവര്‍ക്കൊക്കെ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവ്. പ്രജ്ഞക്കും മറ്റും വേണ്ടി ബി.ജെ.പി രംഗത്തിറങ്ങുകയും ചെയ്തു.
2007 മേയ് 18 നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം: മരണം 14. എണ്‍പതോളം മുസ്‌ലിംകളെ കസ്റ്റഡിയിലെടുക്കുകയും അവരില്‍ 25 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആറു മാസം തടവിലിട്ട ശേഷം അവരില്‍ മിക്കവരെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ വന്ന സി.ബി.ഐയുടെ അറിയിപ്പ്: 'ഈ സ്‌ഫോടന സംഭവത്തില്‍ പ്രതികളായ സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാംഗ്ര എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം.' മറ്റൊരു ഹിന്ദുത്വവാദി ലോകേഷ് ശര്‍മ എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു.

2007 ഒക്‌ടോബര്‍ 11നാണ് അജ്മീര്‍ ദര്‍ഗ സ്‌ഫോടനം. മൂന്നു മരണം. ആദ്യം സംശയിച്ചത് ഹുജി, ലശ്കറെ ത്വയ്യിബ. അറസ്റ്റിലായവര്‍: അബ്ദുല്‍ ഹാഫിസ് ശമീം, ഖുശിബുര്‍ റഹ്മാന്‍, ഇമ്‌റാന്‍ അലി. ഇക്കൊല്ലം രാജസ്ഥാന്‍ ഭീകരപ്രതിരോധ സ്‌ക്വാഡ് ഹിന്ദുത്വ തീവ്രവാദികളായ മൂന്നു പേരെ അറസ്റ്റു ചെയ്തിരിക്കുന്നു-ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പതിധര്‍. സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സുനില്‍ ജോഷി ഈ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്നു.

2006 സെപ്റ്റംബര്‍ 8ന് മാലേഗാവ് സ്‌ഫോടനം: മരണം 37. ആദ്യം അറസ്റ്റിലായവര്‍: സല്‍മാന്‍ ഫാര്‍സി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, റഈസ് അഹ്മദ്, നൂറുല്‍ ഹുദ, ശബീര്‍ ബാറ്ററിവാല. പക്ഷേ, ഹിന്ദുത്വ ഭീകരരെ ഇപ്പോള്‍ സംശയിക്കുന്നു.

2008 ജൂണ്‍ 4ന് താനെ സിനിമാശാല സ്‌ഫോടനം: ഹിന്ദു ജനജാഗൃതി സമിതി, സനാതന സംസ്ഥാന്‍ എന്നിവയുമായി ബന്ധപ്പെട്ട രമേശ് ഹനുമന്ത് ഗഡ്കരിയും മംഗേഷ് ദിനകര്‍ നിഗമും അറസ്റ്റു ചെയ്യപ്പെട്ടു. യോദ്ധാ അക്ബറിന്റെ പ്രദര്‍ശനം തടയാന്‍ നടത്തിയ സ്‌ഫോടനം.

2009 ഒക്‌ടോബര്‍ 16, ഗോവ സ്‌ഫോടനങ്ങള്‍: രണ്ടു മരണം. പ്രതികള്‍ രണ്ടു പേരും സനാതന സംസ്ഥാന്‍ അംഗങ്ങള്‍. മാല്‍ഗൊണ്ട പാട്ടീല്‍ യോഗേഷ് നായിക് എന്നിവര്‍ സ്‌ഫോടക വസ്തുക്കളുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടി.

2008 സെപ്റ്റംബര്‍ 27, ദല്‍ഹി മെഹ്‌റോളി സ്‌ഫോടനം, മൂന്നു മരണം. സ്‌കൂട്ടറില്‍ നിന്ന് വീണ ബോംബ് പൊട്ടിയാണ് ദല്‍ഹി മെഹ്‌റോളിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ഹിന്ദുത്വ ശക്തികളുടെ പങ്കാളിത്തം സംശയിക്കുന്ന കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ല.

കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍ പുറമെ. ബോംബു നിര്‍മിക്കുന്നതിനിടെ രണ്ടു പേര്‍ കാണ്‍പൂരില്‍ 2008 ആഗസ്റ്റില്‍ കൊല്ലപ്പെടുന്നു. രാജീവ് മിശ്ര, ഭൂപീന്ദര്‍ സിംഗ് എന്നീ രണ്ടുപേരും ബജ്‌റംഗ്ദളുകാര്‍. നന്ദേഡില്‍ 2006ല്‍ ബോംബു നിര്‍മാണത്തിനിടയില്‍ രാജ്‌കോണ്ട്‌വാര്‍, പാന്‍സെ എന്നീ രണ്ടു പേര്‍ കൊല്ലപ്പെടുന്നത് സമാന സാഹചര്യങ്ങളില്‍.

ഇപ്പോഴിതാ, മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ രണ്ട് മുതിര്‍ന്ന ആര്‍.എസ്.എസ് ഭാരവാഹികള്‍ കുടുങ്ങിയിരിക്കുന്നു. യു.പിയിലെ പകുതി സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ക്ഷേത്രീയ പ്രചാരകും ആര്‍.എസ്.എസ് കേന്ദ്രകമ്മിറ്റി അംഗവുമായ അശോക് ബേരി, ബോംബു നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്ന കാണ്‍പൂരില്‍ ആര്‍.എസ്.എസിന്റെ പ്രാന്തപ്രചാരകനായ അശോക് വാര്‍ഷ്‌നി എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ഇവര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ സംരക്ഷണം നല്‍കിയെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഏതാനും മാസം മുമ്പ് രാജസ്ഥാനില്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തയും ലോകേഷ് ശര്‍മയും ആര്‍.എസ്.എസ് പ്രചാരകരാണ്.

അതെല്ലാം ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും പ്രശ്‌നക്കുരുക്കിലാക്കുന്നു. അങ്ങനെ ആര്‍.എസ്.എസ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ യോഗം വിളിച്ചു. ആദ്യത്തേത് ഗഡ്കരിയുടെ വസതിയില്‍. രണ്ടാമത്തെ യോഗം ആര്‍.എസ്.എസിന്റെ ജണ്ടേവാല ആസ്ഥാനത്ത്. ആര്‍.എസ്.എസിന്റെ ഭീകര ചെയ്തികള്‍ സ്ഥാപിക്കപ്പെടുന്ന വിധമാണ് അന്വേഷണ നടപടികള്‍ മുന്നോട്ടു നീങ്ങുന്നതെന്ന് വിലയിരുത്തിയ യോഗം, പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്. തീരുമാനം: 'കേസില്‍ കുടുങ്ങിയ ആരെയും സംരക്ഷിക്കേണ്ട. പോലിസുമായി സഹകരിക്കും. കേസില്‍ ഉള്‍പ്പെട്ടവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കട്ടെ.'

അത്രയും കൊണ്ട് ആര്‍.എസ്.എസിന് രക്ഷപെടാമെന്നോ? ഗാന്ധിയെ കൊന്ന ഗോദ്‌സെയുമായി ബന്ധമില്ലെന്ന് ആര്‍.എസ്.എസ് എത്ര ആവര്‍ത്തിച്ചാലും വസ്തുത എന്താണ്? പക്ഷേ, ഗോദ്‌സെയെ തള്ളിപ്പറയുകയും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയുമാണ് ആര്‍.എസ്.എസ് ചെയ്തത്. ഒരു ഡസനോളം വരുന്ന സ്‌ഫോടന സംഭവങ്ങളില്‍ ആര്‍.എസ്.എസ് ഭാരവാഹികള്‍ അടക്കം ഹിന്ദുത്വ ശക്തികളുടെ പങ്ക്, നിരപരാധികളെ ചവിട്ടി മെതിച്ചതിനൊടുവിലാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്നിരിക്കുമ്പോള്‍ സന്ന്യാസിനി പ്രജ്ഞാസിംഗിന് വേണ്ടി വാദിച്ച സമീപനം ബി.ജെ.പിയും ആര്‍.എസ്.എസും പാടേ മാറ്റിയിരിക്കുന്നു-ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല പോല്‍! ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഗോദ്‌സെയെന്ന ഒരൊറ്റ ഭീകരനില്‍ ഒതുക്കി നിയമവ്യവസ്ഥക്ക് പുറത്തു കടന്ന സംഘ്പരിവാര്‍, വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസുകാരെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന നേതൃയോഗം അതുകൊണ്ടു തന്നെ വലിയൊരു അജണ്ടയാണ് മുന്നോട്ടു നീക്കിയത്. ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്, അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ മാത്രം പഴി ചാരി ബന്ധപ്പെട്ട സംഘടനക്ക് രക്ഷപ്പെടാന്‍ കഴിയുന്നതെങ്ങനെ? കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തികള്‍ മാത്രമായി തീരുന്നതെങ്ങനെ? പൊലീസ് പിടികൂടിയവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കട്ടെയെന്ന് തീരുമാനിച്ചതു കൊണ്ടോ, പൊലീസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതു കൊണ്ടോ സ്‌ഫോടനക്കേസുകളില്‍ നിന്ന് തടിയൂരാന്‍ ആര്‍.എസ്.എസിന് കഴിയില്ല. എന്നാല്‍, ഗാന്ധി വധക്കേസില്‍ ഗോദ്‌സെയെ നിയമത്തിന് എറിഞ്ഞു കൊടുത്ത് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് പുറത്തെടുത്തിരിക്കുന്നത്.

എന്നിട്ട് അതിനെ മറയ്ക്കാന്‍ ഗഡ്കരി എപ്പോഴും ചെലവാക്കാന്‍ പറ്റിയ രാഷ്ട്രീയ ചോദ്യം പുതിയൊരു രൂപത്തില്‍ ഉന്നയിച്ച് ചര്‍ച്ച വഴി തിരിക്കുന്നു: 'അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?' അതെ: തൂക്കാന്‍ വേറെയാളുകള്‍ ഉള്ളപ്പോള്‍ ദേശഭക്തി മൂത്ത് പലതും ചെയ്യുന്ന ആര്‍.എസ്.എസുകാരെ എന്തിന് തൂക്കണം?