Ind disable

Sunday, July 11, 2010

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?
-പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയെ തൂക്കാന്‍ വൈകുന്നതിനെക്കുറിച്ച് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ ചോദ്യം.
മനസ്സിന്റെ നില തെറ്റിയ ഗഡ്കരിയെ മനോരോഗ വിദഗ്ധനെ കാണിക്കണം.
-ബി.ജെ.പി പ്രസിഡന്റിന്റെ പരാമര്‍ശത്തോടുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് മനീഷ് തിവാരിയുടെ രോഷ പ്രകടനം.

രണ്ടിനുമില്ല നിലവാരമെന്നത് നില്‍ക്കട്ടെ. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മൂന്നു ഡസനോളം വരുന്നവരില്‍ മിക്കവാറും അവസാനത്തെ പേരുകാരനായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ആദ്യമേ നടപ്പാക്കണമെന്ന് ഗഡ്കരിയും കൂട്ടരും വാദിക്കുന്നത്, അവര്‍ ദേശഭക്തിയുടെ കുത്തകാവകാശികളായതു കൊണ്ടാണ്. ഗോദ്‌സെ ഗാന്ധിയെ കൊന്നത് ദേശഭക്തി മൂത്തിട്ടാണ്. സംശയത്തിന്റെ ആനുകൂല്യം സമ്പാദിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരതയില്‍ നിന്ന് അന്ന് ആര്‍.എസ്.എസ് രക്ഷപ്പെട്ടത്. വാജ്‌പേയി-അദ്വാനിമാര്‍ നയിച്ച സംഘം ബാബരി മസ്ജിദ് പൊളിച്ച് ഹൈന്ദവതയില്‍ അധിഷ്ഠിതമായ ദേശഭക്തി പിന്നീട് ഊട്ടിയുറപ്പിച്ചു. അതൊക്കെ പിന്നിട്ട് ദേശഭക്തിയില്‍ അധിഷ്ഠിതമായ ഭീകരതയുടെ പുത്തന്‍ വഴികളിലാണ് സംഘ്പരിവാരം. അതില്‍ ചിലത്:

2007 ഫെബ്രുവരി 18ന് നടന്ന സംഝോതാ എക്‌സ്‌പ്രസ് സ്‌ഫോടനം: കൊല്ലപ്പെട്ടത് 68 പേര്‍. കൂടുതലും പാകിസ്താന്‍കാര്‍. ലശ്കറെ ത്വയ്യിബ, ജെയ്‌ശെ മുഹമ്മദ് എന്നീ ഭീകര സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നില്‍ എന്ന പ്രാഥമിക നിഗമനത്തോടെ നടത്തിയ അന്വേഷണത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുസ്‌ലിംകളില്‍ പാക്കിസ്താന്‍ പൗരന്‍ അസ്മത് അലിയുമുണ്ട്. പക്ഷേ, കാര്യങ്ങള്‍ പിന്നീട് മാറി മറിഞ്ഞു. അന്വേഷണം നീണ്ടത് ഹിന്ദുത്വ പങ്കാളിത്തത്തിലേക്ക്. മൂന്നു മാസത്തിന് ശേഷം, ഹൈദരാബാദ് മക്ക മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച അതേ സംവിധാനമാണ് സംഝോതയിലും ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ആര്‍.എസ്.എസ് പ്രചാരകരായ സന്ദീപ് ദാങ്‌ഗെ, രാംജി എന്നിവരെ പൊലീസ് തെരയുന്നു.

2008 സെപ്റ്റംബര്‍ 29ലെ മാലേഗാവ് സ്‌ഫോടനം: ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീനെന്ന് തുടക്കത്തില്‍ പൊലീസിന്റെ വിശദീകരണം. പക്ഷേ, പിന്നീട് നടന്ന അന്വേഷണത്തില്‍ ഹിന്ദുത്വ തീവ്രവാദ സംഘങ്ങളായ അഭിനവ് ഭാരത്, രാഷ്ട്രീയ ജാഗരണ്‍ മഞ്ച് എന്നിയുടെ പങ്കാളിത്തമാണ് തെളിഞ്ഞത്. അറസ്റ്റു ചെയ്യപ്പെട്ടവര്‍: പ്രജ്ഞാസിംഗ് ഠാക്കൂര്‍, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, ദയാനന്ദ് പാണ്ഡെ എന്ന സ്വാമി അമൃതാനന്ദ് ദേവതീര്‍ഥ്. പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ബി.ജെ.പി മുന്‍പ്രസിഡന്റ് രാജ്‌നാഥ്‌സിങ്ങുമായി വേദി പങ്കിട്ടതിന്റെ ചിത്രം, ഇവര്‍ക്കൊക്കെ ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവ്. പ്രജ്ഞക്കും മറ്റും വേണ്ടി ബി.ജെ.പി രംഗത്തിറങ്ങുകയും ചെയ്തു.
2007 മേയ് 18 നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനം: മരണം 14. എണ്‍പതോളം മുസ്‌ലിംകളെ കസ്റ്റഡിയിലെടുക്കുകയും അവരില്‍ 25 പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. ആറു മാസം തടവിലിട്ട ശേഷം അവരില്‍ മിക്കവരെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചു കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജൂണില്‍ വന്ന സി.ബി.ഐയുടെ അറിയിപ്പ്: 'ഈ സ്‌ഫോടന സംഭവത്തില്‍ പ്രതികളായ സന്ദീപ് ദാംഗെ, രാമചന്ദ്ര കല്‍സാംഗ്ര എന്നിവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം.' മറ്റൊരു ഹിന്ദുത്വവാദി ലോകേഷ് ശര്‍മ എന്നയാള്‍ അറസ്റ്റിലാവുകയും ചെയ്തിരിക്കുന്നു.

2007 ഒക്‌ടോബര്‍ 11നാണ് അജ്മീര്‍ ദര്‍ഗ സ്‌ഫോടനം. മൂന്നു മരണം. ആദ്യം സംശയിച്ചത് ഹുജി, ലശ്കറെ ത്വയ്യിബ. അറസ്റ്റിലായവര്‍: അബ്ദുല്‍ ഹാഫിസ് ശമീം, ഖുശിബുര്‍ റഹ്മാന്‍, ഇമ്‌റാന്‍ അലി. ഇക്കൊല്ലം രാജസ്ഥാന്‍ ഭീകരപ്രതിരോധ സ്‌ക്വാഡ് ഹിന്ദുത്വ തീവ്രവാദികളായ മൂന്നു പേരെ അറസ്റ്റു ചെയ്തിരിക്കുന്നു-ദേവേന്ദ്ര ഗുപ്ത, ചന്ദ്രശേഖര്‍, വിഷ്ണുപ്രസാദ് പതിധര്‍. സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സുനില്‍ ജോഷി ഈ സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനെന്ന് കരുതുന്നു.

2006 സെപ്റ്റംബര്‍ 8ന് മാലേഗാവ് സ്‌ഫോടനം: മരണം 37. ആദ്യം അറസ്റ്റിലായവര്‍: സല്‍മാന്‍ ഫാര്‍സി, ഫാറൂഖ് ഇഖ്ബാല്‍ മഖ്ദൂമി, റഈസ് അഹ്മദ്, നൂറുല്‍ ഹുദ, ശബീര്‍ ബാറ്ററിവാല. പക്ഷേ, ഹിന്ദുത്വ ഭീകരരെ ഇപ്പോള്‍ സംശയിക്കുന്നു.

2008 ജൂണ്‍ 4ന് താനെ സിനിമാശാല സ്‌ഫോടനം: ഹിന്ദു ജനജാഗൃതി സമിതി, സനാതന സംസ്ഥാന്‍ എന്നിവയുമായി ബന്ധപ്പെട്ട രമേശ് ഹനുമന്ത് ഗഡ്കരിയും മംഗേഷ് ദിനകര്‍ നിഗമും അറസ്റ്റു ചെയ്യപ്പെട്ടു. യോദ്ധാ അക്ബറിന്റെ പ്രദര്‍ശനം തടയാന്‍ നടത്തിയ സ്‌ഫോടനം.

2009 ഒക്‌ടോബര്‍ 16, ഗോവ സ്‌ഫോടനങ്ങള്‍: രണ്ടു മരണം. പ്രതികള്‍ രണ്ടു പേരും സനാതന സംസ്ഥാന്‍ അംഗങ്ങള്‍. മാല്‍ഗൊണ്ട പാട്ടീല്‍ യോഗേഷ് നായിക് എന്നിവര്‍ സ്‌ഫോടക വസ്തുക്കളുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ അബദ്ധത്തില്‍ പൊട്ടി.

2008 സെപ്റ്റംബര്‍ 27, ദല്‍ഹി മെഹ്‌റോളി സ്‌ഫോടനം, മൂന്നു മരണം. സ്‌കൂട്ടറില്‍ നിന്ന് വീണ ബോംബ് പൊട്ടിയാണ് ദല്‍ഹി മെഹ്‌റോളിയില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടത്. ഹിന്ദുത്വ ശക്തികളുടെ പങ്കാളിത്തം സംശയിക്കുന്ന കേസിലെ അന്വേഷണം എവിടെയും എത്തിയിട്ടില്ല.

കാണ്‍പൂര്‍, നന്ദേഡ് സ്‌ഫോടനങ്ങള്‍ പുറമെ. ബോംബു നിര്‍മിക്കുന്നതിനിടെ രണ്ടു പേര്‍ കാണ്‍പൂരില്‍ 2008 ആഗസ്റ്റില്‍ കൊല്ലപ്പെടുന്നു. രാജീവ് മിശ്ര, ഭൂപീന്ദര്‍ സിംഗ് എന്നീ രണ്ടുപേരും ബജ്‌റംഗ്ദളുകാര്‍. നന്ദേഡില്‍ 2006ല്‍ ബോംബു നിര്‍മാണത്തിനിടയില്‍ രാജ്‌കോണ്ട്‌വാര്‍, പാന്‍സെ എന്നീ രണ്ടു പേര്‍ കൊല്ലപ്പെടുന്നത് സമാന സാഹചര്യങ്ങളില്‍.

ഇപ്പോഴിതാ, മക്ക മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ രണ്ട് മുതിര്‍ന്ന ആര്‍.എസ്.എസ് ഭാരവാഹികള്‍ കുടുങ്ങിയിരിക്കുന്നു. യു.പിയിലെ പകുതി സ്ഥലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ക്ഷേത്രീയ പ്രചാരകും ആര്‍.എസ്.എസ് കേന്ദ്രകമ്മിറ്റി അംഗവുമായ അശോക് ബേരി, ബോംബു നിര്‍മിക്കുന്നതിനിടെ സ്‌ഫോടനം നടന്ന കാണ്‍പൂരില്‍ ആര്‍.എസ്.എസിന്റെ പ്രാന്തപ്രചാരകനായ അശോക് വാര്‍ഷ്‌നി എന്നിവരെയാണ് സി.ബി.ഐ ചോദ്യം ചെയ്തത്. ഇവര്‍ക്ക് ആര്‍.എസ്.എസ് നേതാക്കള്‍ സംരക്ഷണം നല്‍കിയെന്ന വിവരമാണ് ഏറ്റവുമൊടുവില്‍ പുറത്തു വന്നിരിക്കുന്നത്. ഏതാനും മാസം മുമ്പ് രാജസ്ഥാനില്‍ അജ്മീര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ദേവേന്ദ്ര ഗുപ്തയും ലോകേഷ് ശര്‍മയും ആര്‍.എസ്.എസ് പ്രചാരകരാണ്.

അതെല്ലാം ആര്‍.എസ്.എസിനെയും ബി.ജെ.പിയേയും പ്രശ്‌നക്കുരുക്കിലാക്കുന്നു. അങ്ങനെ ആര്‍.എസ്.എസ് കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ യോഗം വിളിച്ചു. ആദ്യത്തേത് ഗഡ്കരിയുടെ വസതിയില്‍. രണ്ടാമത്തെ യോഗം ആര്‍.എസ്.എസിന്റെ ജണ്ടേവാല ആസ്ഥാനത്ത്. ആര്‍.എസ്.എസിന്റെ ഭീകര ചെയ്തികള്‍ സ്ഥാപിക്കപ്പെടുന്ന വിധമാണ് അന്വേഷണ നടപടികള്‍ മുന്നോട്ടു നീങ്ങുന്നതെന്ന് വിലയിരുത്തിയ യോഗം, പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്. തീരുമാനം: 'കേസില്‍ കുടുങ്ങിയ ആരെയും സംരക്ഷിക്കേണ്ട. പോലിസുമായി സഹകരിക്കും. കേസില്‍ ഉള്‍പ്പെട്ടവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കട്ടെ.'

അത്രയും കൊണ്ട് ആര്‍.എസ്.എസിന് രക്ഷപെടാമെന്നോ? ഗാന്ധിയെ കൊന്ന ഗോദ്‌സെയുമായി ബന്ധമില്ലെന്ന് ആര്‍.എസ്.എസ് എത്ര ആവര്‍ത്തിച്ചാലും വസ്തുത എന്താണ്? പക്ഷേ, ഗോദ്‌സെയെ തള്ളിപ്പറയുകയും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുകയുമാണ് ആര്‍.എസ്.എസ് ചെയ്തത്. ഒരു ഡസനോളം വരുന്ന സ്‌ഫോടന സംഭവങ്ങളില്‍ ആര്‍.എസ്.എസ് ഭാരവാഹികള്‍ അടക്കം ഹിന്ദുത്വ ശക്തികളുടെ പങ്ക്, നിരപരാധികളെ ചവിട്ടി മെതിച്ചതിനൊടുവിലാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ പുറത്തു കൊണ്ടുവന്നിരിക്കുമ്പോള്‍ സന്ന്യാസിനി പ്രജ്ഞാസിംഗിന് വേണ്ടി വാദിച്ച സമീപനം ബി.ജെ.പിയും ആര്‍.എസ്.എസും പാടേ മാറ്റിയിരിക്കുന്നു-ഈ രക്തത്തില്‍ ഞങ്ങള്‍ക്ക് പങ്കില്ല പോല്‍! ഗാന്ധിയെ വധിച്ചതിന്റെ ഉത്തരവാദിത്തം ഗോദ്‌സെയെന്ന ഒരൊറ്റ ഭീകരനില്‍ ഒതുക്കി നിയമവ്യവസ്ഥക്ക് പുറത്തു കടന്ന സംഘ്പരിവാര്‍, വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആര്‍.എസ്.എസുകാരെ തള്ളിപ്പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ആസ്ഥാനത്ത് നടന്ന നേതൃയോഗം അതുകൊണ്ടു തന്നെ വലിയൊരു അജണ്ടയാണ് മുന്നോട്ടു നീക്കിയത്. ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ സംഘടിത സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന്, അതില്‍ ഉള്‍പ്പെട്ട വ്യക്തികളെ മാത്രം പഴി ചാരി ബന്ധപ്പെട്ട സംഘടനക്ക് രക്ഷപ്പെടാന്‍ കഴിയുന്നതെങ്ങനെ? കുറ്റവാളികള്‍ അറസ്റ്റു ചെയ്യപ്പെടുന്ന വ്യക്തികള്‍ മാത്രമായി തീരുന്നതെങ്ങനെ? പൊലീസ് പിടികൂടിയവര്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കട്ടെയെന്ന് തീരുമാനിച്ചതു കൊണ്ടോ, പൊലീസുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതു കൊണ്ടോ സ്‌ഫോടനക്കേസുകളില്‍ നിന്ന് തടിയൂരാന്‍ ആര്‍.എസ്.എസിന് കഴിയില്ല. എന്നാല്‍, ഗാന്ധി വധക്കേസില്‍ ഗോദ്‌സെയെ നിയമത്തിന് എറിഞ്ഞു കൊടുത്ത് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ആര്‍.എസ്.എസ് പുറത്തെടുത്തിരിക്കുന്നത്.

എന്നിട്ട് അതിനെ മറയ്ക്കാന്‍ ഗഡ്കരി എപ്പോഴും ചെലവാക്കാന്‍ പറ്റിയ രാഷ്ട്രീയ ചോദ്യം പുതിയൊരു രൂപത്തില്‍ ഉന്നയിച്ച് ചര്‍ച്ച വഴി തിരിക്കുന്നു: 'അഫ്‌സല്‍ ഗുരു കോണ്‍ഗ്രസുകാരുടെ മകളെ കെട്ടിയവനാണോ?' അതെ: തൂക്കാന്‍ വേറെയാളുകള്‍ ഉള്ളപ്പോള്‍ ദേശഭക്തി മൂത്ത് പലതും ചെയ്യുന്ന ആര്‍.എസ്.എസുകാരെ എന്തിന് തൂക്കണം?

1 comment:

  1. സിബിഐയും ആര്‍ എസ് എസ്സായി!!!!

    http://timesofindia.indiatimes.com/india/No-RSS-functionary-questioned-in-Mecca-Masjid-and-Ajmer-blasts-CBI/articleshow/6163758.cms

    ReplyDelete