Ind disable

Tuesday, June 29, 2010

ഈ പോക്ക് എങ്ങോട്ട്? - ഡോ. രാജന്‍ ഗുരുക്കള്‍

ആഘോഷം എന്നവാക്കിന് ഇന്ന് വേറൊരര്‍ഥമുണ്ട്. ഉളുപ്പില്ലാത്ത മദ്യപാനം. ഇപ്പോള്‍ പരക്കെ ആഘോഷത്തിന് ഈ ഒരര്‍ഥം മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് എന്താഘോഷമായാലും അതില്‍ മദ്യം നിര്‍ബന്ധം. മദ്യമില്ലെങ്കില്‍ എന്താഘോഷം. വിശേഷാവസരങ്ങളില്‍ പലവീടുകളിലും മദ്യാഘോഷം സാധാരണമാണിന്ന്. ആഘോഷത്തിനുള്ളിലെ പുരുഷാഘോഷം

പുതിയ സാങ്കേതികവിദ്യകള്‍, പുതിയ സമ്പ്രദായങ്ങള്‍, പുതിയ ആചാരങ്ങള്‍, എത്രവേഗത്തിലാണ് സ്ഥിതിഗതികള്‍ മാറുന്നത്? പരിഷ്‌കാരങ്ങള്‍ വരുന്നതും പോവുന്നതും ആരും അറിയുന്നില്ല. കാലത്തിന്റെ പോക്കിനൊപ്പം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. തലുമറകള്‍ തോറും ആളുകളും പ്രകൃതങ്ങളും വ്യത്യസ്തം. എന്തൊക്കെ പുതിയ ശീലങ്ങളാണ് വരുന്നത്. വേഷത്തിലും ഭാവത്തിലും നടപ്പിലും മാത്രമല്ല, തെറ്റുശരികളിലും അടിമുടി മാറ്റം.

തമാശ കാര്യമായും കാര്യം തമാശയായും മാറുന്നു. മുതിര്‍ന്നവരുടെ തമാശ കുട്ടികള്‍ക്ക് ആത്മഹത്യയ്ക്കുപോലും മതിയായ കാര്യം. കുട്ടികളുടെ തമാശയാവട്ടെ മുതിര്‍ന്നവരുടെ സമനില തെറ്റിക്കാന്‍ പോന്ന കാര്യവും. അത്ഭുതംതന്നെ. ഇളമുറക്കാരുടെ പെരുമാറ്റം മുതുമുറക്കാരെ അത്ഭുതപ്പെടുത്തുന്നത് പുതിയ സംഗതിയല്ല.

പക്ഷേ, ഇന്നത്തെ മാറ്റങ്ങളിലുള്ളത് ഈ തലമുറവിടവിന്റെ പ്രശ്‌നം മാത്രമാണെന്ന് പറഞ്ഞുകൂടാ. രണ്ടുകൂട്ടര്‍ക്കും ശുദ്ധതെമ്മാടിത്തമാണെന്നു ബോധ്യമുള്ള പലസംഗതികളും ഇന്ന് കാലത്തിനൊത്തു സംഭവിക്കുന്ന മാറ്റങ്ങളാണെന്ന മട്ടില്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്നുണ്ട്. കാലത്താല്‍ സംഭവിക്കുന്ന മാറ്റങ്ങളെ ആര്‍ക്കും തടയാനാവില്ലെന്നാണല്ലോ. എന്നുവെച്ചു കാലം കൊണ്ടുവരുന്ന എല്ലാ കോലങ്ങളും സ്വീകരിക്കണോ?

മാറ്റങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ് ഇടത്തരക്കാര്‍ക്കിടയിലെ ആഘോഷജ്വരം. എന്തും ആഘോഷിക്കാം. ആഘോഷങ്ങളുടെ എണ്ണം അതുകൊണ്ടുതന്നെ വളരെ കൂടിയിട്ടുണ്ട്. ഗൃഹപ്രവേശം മാത്രമല്ല, തറക്കല്ലിടലും മേല്‍പ്പുരവാര്‍ക്കലും ഒക്കെ ആഘോഷമാണിന്ന്. കുട്ടി ജനിച്ചാല്‍ ആഘോഷം. പിന്നെ അതിന്റെ പാലുകുടിയും ചോറൂണും ആണ്ടുതോറും ഹാപ്പി ബര്‍ത്ത് ഡേയും. അങ്ങനെ ആഘോഷങ്ങള്‍ക്ക് എന്തെങ്കിലുമൊക്കെ വന്നുകൊണ്ടിരിക്കും.

ഏതെങ്കിലും പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടിയാല്‍ അതുമതി. റാങ്ക് നേടിയതിനും കലാതിലകമായതിനും ഉള്ള ആഘോഷം മനസ്സിലാക്കാം. എന്‍ട്രന്‍സില്‍ കടന്നതിന്റെ ട്രീറ്റും ഇരിക്കട്ടെ. ''എനിക്കു സപ്ലികിട്ടിയെടാ, ഒന്നാഘോഷിക്കണം'' എന്നു പറയുന്നവന്റെ ചെകിടത്തു രണ്ടെണ്ണം കൊടുക്കുകയല്ലേ വേണ്ടത്.

തോറ്റവര്‍ക്കുള്ള സപ്ലിമെന്ററി പരീക്ഷയുടെ ഓമനപ്പേരാ സപ്ലി. ഇപ്പോഴത്തെ കുട്ടികള്‍ തോറ്റെന്നു പറയില്ല. ഫസ്റ്റ് സെം പോയി. ലാസ്റ്റ് സെം കിട്ടിയില്ല എന്നൊക്കെയേ പറയൂ. ജയം എന്ന വാക്കും അവര്‍ക്ക് ചതുര്‍ഥിയാണ്. ജയിക്കാനുണ്ടെന്ന് ഒരു കുട്ടിയും പറഞ്ഞുകേട്ടിട്ടില്ല. എഴുതിയെടുക്കാനുണ്ട്. കിട്ടാനുണ്ട് എന്നൊക്കെയേ പറയൂ. ആരോ കൊടുക്കാതെ വെച്ചിരിക്കുന്ന പോലെ.

ആഘോഷങ്ങള്‍ അവര്‍ക്ക് ചെലവാണ്. ''എടാ, നിന്റെ ചെലവെപ്പോഴാ'' എന്ന ചോദ്യം ഹോട്ടലിനകത്ത് ഒതുങ്ങുന്ന ആഘോഷത്തെപ്പറ്റിയാണ്. ''നമുക്കൊന്ന് അടിച്ചുപൊളിക്കണ്ടേ'' എന്നു ചോദിച്ചാല്‍ ഔട്ട്‌ഡോര്‍ആഘോഷമാണ് വിവക്ഷ. അടിച്ചുപൊളി എന്ന വാക്ക് യഥാര്‍ഥത്തില്‍ തല്ലിപ്പൊളിയാണ്. പഴയ തലമുറയ്ക്ക് പക്ഷേ, തല്ലിപ്പൊളി മോശം. അവര്‍ക്ക് തകര്‍പ്പന്‍ എന്ന വാക്കുവേണം. പുതിയ തലമുറയ്ക്ക് അടിപൊളി മതി. തകര്‍പ്പനും അടിപൊളിതന്നെ. തലമുറകളുടെ രൂപകത്തില്‍ ഒരു മാറ്റവുമില്ലെന്ന് സമാധാനിക്കാം.

ആഘോഷം എന്നവാക്കിന് ഇന്ന് വേറൊരര്‍ഥമുണ്ട്. ഉളുപ്പില്ലാത്ത മദ്യപാനം. ഇപ്പോള്‍ പരക്കെ ആഘോഷത്തിന് ഈ ഒരര്‍ഥം മാത്രമേ ഉള്ളൂ എന്നായിരിക്കുന്നു. നാലു പേര്‍ ചേര്‍ന്ന് എന്താഘോഷമായാലും അതില്‍ മദ്യം നിര്‍ബന്ധം. മദ്യമില്ലെങ്കില്‍ എന്താഘോഷം. വിശേഷാവസരങ്ങളില്‍ പലവീടുകളിലും മദ്യാഘോഷം സാധാരണമാണിന്ന്. ആഘോഷത്തിനുള്ളിലെ പുരുഷാഘോഷം. ആഘോഷത്തിന്റെ നൂറുകൂട്ടം തിരക്കിനിടയില്‍ പുരുഷാഘോഷത്തിന് വറുത്തതും പൊരിച്ചതും വിളമ്പി തളരുന്ന സ്ത്രീകളെക്കുറിച്ച് ആരും ഓര്‍ക്കുന്നില്ല. വീട്ടിലെ ലിവിങ്‌റൂം ഒരു ബാറാക്കിമാറ്റുന്ന വിദ്വാന്മാരുടെ പൊങ്ങച്ചവും ബഡായിയും സഹിച്ച് സ്ത്രീകളുടെ മനസ്സും ശരീരവും ഒരുപോലെ ക്ഷയിക്കുകയാണ്.

വീട്ടിലെന്തു വിശേഷമുണ്ടായാലും ആദ്യവസാനക്കാരെന്ന മട്ടില്‍ ഒരു സംഘം ചെറുപ്പക്കാരുടെ ആഘോഷം പതിവായിട്ട് കുറച്ചുകാലമായി. മരിച്ചവീട്ടിലാണെങ്കിലും അതെ. ചിതയൊരുക്കാനും ശേഷക്രിയയ്ക്ക് വേണ്ടത് അടുപ്പിക്കാനും അവര്‍ക്ക് കുപ്പിപൊട്ടിക്കണം. ആദ്യവസാനക്കാരുടെ പൂരം വിവാഹത്തലേന്നും പിറ്റേന്നുമാണ്. സ്ത്രീകളെ സാരമായി ബാധിക്കുന്ന ഒരു പുതിയ ആഘോഷം ചിലസ്ഥലങ്ങളില്‍ അടുത്തകാലത്ത് പതിവായിട്ടുണ്ട്. വീട്ടുകാരുടെ ചെലവില്‍ കുടിച്ചുകൂത്താടാന്‍ മാത്രമല്ല, നവദമ്പതിമാരുമായി ഒരു മുഖാമുഖം പരിപാടികൂടി തുടങ്ങിയിരിക്കുന്നു.

വധൂവരന്മാരെ വളഞ്ഞുവെച്ച് മദ്യപിപ്പിക്കുക, നൃത്തം ചെയ്യിക്കുക, തെറിപ്പാട്ടുപാടുക, അശ്ലീലം പറയുക, അങ്ങനെ കുടിച്ചുലക്കില്ലാതാവുന്നവര്‍ക്ക് തോന്നുന്ന കോപ്രായങ്ങളെന്തും കാണിക്കാം. ഈ തെമ്മാടിത്തവും പെണ്ണിനെയാണ് ബാധിക്കുന്നത്. അവളുടെ ആത്മാഭിമാനം, വ്യക്തിത്വം, അന്തസ്സ്, സ്വാതന്ത്ര്യം, അഭിപ്രായം ഇതിനൊന്നും ഒരുവിലയും കല്പിക്കാതെ ഒരുകൂട്ടം നരാധമന്മാര്‍ ചുറ്റുംകൂടി അസഭ്യം പറയുകയും തോന്ന്യാസം കാണിക്കുകയും ചെയ്യുക! ആഘോഷമണത്രെ!

തമാശ ക്രൂരമാവുന്നതിന്റെ മറ്റൊരുദാഹരണം റാഗിങ്ങില്‍ വന്ന മാറ്റമാണ്. അതില്‍ പെണ്ണും പിറകിലല്ല. പാടാനറിയാത്തവരെക്കൊണ്ട് പാടിച്ചും പ്രസംഗിക്കാനറിയാത്തവരെക്കൊണ്ട് പ്രസംഗിപ്പിച്ചുമുള്ള തമാശയായിരുന്നു പണ്ടൊക്കെ റാഗിങ്. ഇപ്പോള്‍ മൂത്രം കുടിപ്പിക്കലും മലം തീറ്റിക്കലും അടിമപ്പണിചെയ്യിക്കലും ക്രൂരമര്‍ദനവും കത്തിക്കുത്തും ഒക്കെയാണ്.

പെണ്ണിനെ പരസ്യമായി നഗ്‌നയാക്കുന്നതും ബലാത്സംഗംചെയ്യുന്നതും ഇന്നത്തെ റാഗിങ്ങില്‍ അപൂര്‍വമല്ല. അതൊക്കെ പെണ്ണുങ്ങളുടെ തന്നെ ഒത്താശയോടെയാണ് നടക്കുന്നതെന്ന് അടുത്തകാലത്തുണ്ടായ ചിലകേസുകള്‍ കാണിക്കുന്നു. റാഗിങ്ങിനെതിരെ പുതുതായി വന്ന കര്‍ശനനിയമങ്ങളും നടപടികളും ഈ മാറ്റത്തിന്റെ ഭയാനകമായ വ്യാപ്തിക്ക് മതിയായ തെളിവാണ്.


ആരോടും ആദരവില്ലാതെ ഒരു മൂല്യസങ്കല്പവും വെച്ചുപുലര്‍ത്താതെ, മനഃസാക്ഷിയില്ലാതെ, സ്‌നേഹശൂന്യമനസ്‌കരായി ഒരുവലിയ ജനവിഭാഗം. ഒരിണയെ പാട്ടിലാക്കാനുള്ള കെണിമാത്രമാണിവര്‍ക്കുപ്രേമം. പ്രേമം നടിച്ച് പെണ്ണിനെ വലയിലാക്കി ബലാത്സംഗം ചെയ്യുന്നതും അതിന്റെ പടമെടുത്തു കാണിച്ച് പിന്നെയും പിന്നെയും മുതലെടുക്കുന്നതും ഏതെങ്കിലും ലൈംഗിക റാക്കറ്റിനു വിറ്റു കാശാക്കുന്നതും സാധാരണ സംഭവമായിരിക്കുന്നു. ഈ റാക്കറ്റുകളിലെല്ലാം സ്ത്രീ നിര്‍ണായക സ്ഥാനത്തുണ്ട്.

അടുത്തിടെ പുറത്തുവന്ന കേസുകളോരോന്നും ചുരുളഴിക്കുന്നത് പെണ്‍കുട്ടികളുടെ അതി ദാരുണമായ ചൂഷണാനുഭവങ്ങളാണ്. പോലീസിനോട് എല്ലാം തുറന്നുപറഞ്ഞു കേസെടുത്തുകഴിഞ്ഞാലും പെണ്‍കുട്ടിക്കു രക്ഷയില്ല. അവളുടെ നരകയാതനകള്‍ കൂടുന്നേയുള്ളൂ. നിന്ദയും പരിഹാസവുംകൊണ്ടവള്‍ക്കു പൊറുതിമുട്ടും. ആ നിസ്സഹായതയില്‍ അവള്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ നിയമങ്ങള്‍ അവരുടെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അരക്ഷിതത്വമാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകളുടെ സ്വാതന്ത്ര്യം, സാമൂഹികപദവി, മാന്യത തുടങ്ങിയവ അംഗീകരിക്കുന്നതില്‍ ഒട്ടും നാം പുരോഗമിച്ചിട്ടില്ലെന്നു പറയുന്നില്ല. സ്ത്രീകള്‍ക്കിടയില്‍ അവബോധം വളര്‍ന്നുതുടങ്ങിയിട്ടില്ലെന്നും എനിക്കഭിപ്രായമില്ല. പെണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്കു വാത്സല്യം കൂടിയിട്ടുണ്ട്. വീട്ടിലവര്‍ക്ക് ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെയാണിന്ന് സ്ഥാനം. പക്ഷേ, വളര്‍ന്നുപെണ്ണാവുമ്പോള്‍ സ്ഥിതിമാറുന്നു. ഉദ്യോഗസ്ഥയായാലും അടുക്കള അവളുടെ തലയില്‍ത്തന്നെ. രാവിലെ എഴുന്നേറ്റ് അടുക്കളപ്പണി തീര്‍ത്ത് കുളിച്ച് ഉടുത്തുകെട്ടി പാതിതോര്‍ത്തിയ തലയും കുനിച്ച് ഓടിപ്പിടഞ്ഞുവേണം വണ്ടികയറാന്‍ .

ഓടി ഓഫീസിലെത്തിയാല്‍ അവിടെ പൊരിഞ്ഞ ജോലി. പിന്നെ പെണ്ണായതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന ചിലസ്ഥിരം പ്രശ്‌നങ്ങള്‍, മനഃപ്രയാസങ്ങള്‍. മടക്കയാത്രയില്‍ തീവണ്ടിയിലിരുന്നുവേണം രാത്രിഭക്ഷണത്തിനുള്ള പച്ചക്കറി നുറുക്കാന്‍. പുരുഷന്മാരില്‍ ഭൂരിഭാഗവും സ്ത്രീകളുടെ ഈ നെട്ടോട്ടം കാണുന്നില്ല. പൊതുവെ പുരുഷസമൂഹത്തിന്റെ കാഴ്ചപ്പാട് അറുപഴഞ്ചനാണെന്ന് പറയാതെവയ്യ. അതിപ്പോഴും 'പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍' കാഴ്ചപ്പാടുതന്നെയാണ്. 'സ്‌നേഹിതരേ, അവള്‍ പൂമുഖവാതില്‍ക്കല്‍ തന്നെയുണ്ട്. പക്ഷേ, തരിച്ചുനില്‍ക്കുകയാണ്. സ്‌കൂളില്‍ പോയ പെണ്‍കുഞ്ഞിനെയും കാത്ത് ഉള്ളില്‍ തീയുമായി.' സമൂഹം കുട്ടികളോടു കാണിക്കുന്ന ക്രൂരതയാണ് ഇക്കാലത്തെ ഭയാനകമായ വേറൊരു മാറ്റം. കാമഭ്രാന്തില്‍ ആരും കടിച്ചുകീറുന്ന ഇരയാണിന്നു കുട്ടികള്‍. ദൈനം ദിന വാര്‍ത്തകള്‍ തീര്‍ത്തും ഭയാനകം. അത് കുറേ ഞരമ്പുരോഗികളുടെ പ്രത്യക്ഷ ഹിംസയാണെങ്കില്‍ അതിനേക്കാള്‍ വളരെ വ്യാപ്തിയുള്ള അപ്രത്യക്ഷ ഹിംസ വേറെയുണ്ട്. മുതിര്‍ന്നവരുടെ ദുരഭിമാനത്തിന്റെയും ദുരാഗ്രഹത്തിന്റെയും കരുക്കളാണിന്നു കുട്ടികള്‍. അവര്‍ എന്തു പഠിക്കണം, ആരാവണം എന്നുമാത്രമല്ല എന്തുകളിക്കണം, എവിടെകളിക്കണം എന്നുപോലും രക്ഷിതാക്കളാണ് തീരുമാനിക്കുന്നത്. കുട്ടികളുടെ ഇഷ്ടം, ആഗ്രഹം, അഭിരുചി, വാസനകള്‍... അതൊക്കെ ഇന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?

സ്‌കൂളും ട്യൂഷനും കഴിഞ്ഞാല്‍ ശ്വാസം വിടാന്‍ നേരമില്ല. പാട്ടും നൃത്തവും അബാക്കസ്സും. അങ്ങനെ കുട്ടിക്കാലമില്ലാതാവുന്ന കുട്ടികള്‍. മത്സരംപോലും കുട്ടികള്‍ക്കു പീഡനമായിത്തീരുന്നു. കാരണം കുട്ടികളിലൂടെ നടക്കുന്നത് വലിയവരുടെ കിടമത്സരമാണ്. കോടികളുടെ വ്യവസായമാണ്. റിയാലിറ്റിഷോകളിലെ സമ്മാനത്തുക നോക്കൂ. കുട്ടികളുടെ ചിന്തയിലൊതുങ്ങാത്ത ഭീമമായ സംഖ്യകള്‍. വാസ്തവത്തില്‍ അത് കുട്ടികള്‍ തമ്മിലുള്ള മത്സരമല്ല. കമ്പോളത്തിന്റെ പരസ്യമത്സരമാണ്. കുട്ടികളെ കരുവാക്കി മുതിര്‍ന്നവരുടെ വ്യവസായം. കോടികളെറിഞ്ഞുനടത്തുന്ന ചൂതാട്ടം.

മിടുക്കരും മിടുക്കികളുമായ പതിനഞ്ചോ ഇരുപതോ കുട്ടികള്‍ക്ക് വീതിച്ചുനല്കി അവരുടെയെല്ലാം കലാവൈഭവം പ്രോത്സാഹിപ്പിക്കുന്നതിനുപകരം ഈ ഒന്നാം സമ്മാനമെന്ന ഭീമനെ മുന്‍നിര്‍ത്തിയുള്ള തമ്പോല കളി അധാര്‍മികവും ക്രൂരവുമാണ്. കുട്ടികളില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്റ്റാറായിക്കഴിഞ്ഞ കുട്ടികള്‍ക്ക് എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണാം.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്നത്തെ മാറ്റങ്ങള്‍ക്കു പൊതുവിലുള്ള ഒരുപ്രത്യേകതയാണ് അവയുടെ ഒളിഞ്ഞോ തെളിഞ്ഞോ ഉള്ള പീഡനസ്വഭാവം. വേദനിക്കുന്നത് കണ്ട് രസിക്കല്‍ അഥവാ 'സാഡിസം' മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തവിധം വ്യാപകമാണിന്ന്. സാഡിസ്റ്റുകളുടെ എണ്ണം ഭയങ്കരമായി വര്‍ധിച്ചിരിക്കുന്നുവെന്നര്‍ഥം.വിനോദങ്ങള്‍ പോലും അവിശ്വസനീയമാംവിധം ക്രൂരമാവുന്നതിനുപിന്നില്‍ സാഡിസ്റ്റുകളാണ്. സ്വന്തംകാര്യം മാത്രംനോക്കുന്ന വ്യക്തികളായി സമൂഹം നുറുങ്ങിക്കൊണ്ടിരിക്കുന്നു. സമൂഹം ഇല്ലാതാവുകയാണെന്നും പറയാം.

കുടുംബങ്ങള്‍ കൊണ്ടും കൊടുത്തും അന്യോന്യം താങ്ങും തണലുമായിക്കഴിയുന്ന കൂട്ടായ്മയാണല്ലോ സമൂഹം. അതിക്രമങ്ങളെപ്പറ്റി ചോദിക്കാനും പറയാനും അവിടെ ആളുകളുണ്ട്. ആസ്ഥാനത്ത് തന്‍കാര്യപ്രാപ്തരെന്ന ഹുങ്കുള്ള വ്യക്തികള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അവര്‍ ആരെയും ഉറ്റവരായി കരുതുന്നില്ല. കുടുംബത്തില്‍ അവര്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തികളാണ്. അയല്‍ക്കാരും കൂട്ടും കൂട്ടായ്മയുമില്ലാത്ത വ്യക്തികള്‍. അവര്‍ സമൂഹത്തെ അലിവില്ലാത്ത ആള്‍ക്കൂട്ടമാക്കിമാറ്റുന്നു. ആള്‍ക്കൂട്ടത്തില്‍ വ്യക്തികള്‍ ആരോരുമില്ലാത്തവരാണ്. കൈയില്‍കാശും തൊട്ടടുത്ത് കടകമ്പോളങ്ങളും ഉള്ളപ്പോള്‍ ആരോരുമെന്തിനാണ്. ആരെയും ആശ്രയിക്കാതെ, കൂസാതെ മത്സരോന്മുഖമായ ജീവിതം.

പക്ഷേ, മത്സരം പിഴയ്ക്കുമ്പോള്‍, കാശില്ലാതാവുമ്പോള്‍, രോഗം തളര്‍ത്തുമ്പോള്‍, കടം പെരുകുമ്പോള്‍ ആള്‍ക്കൂട്ടം അവരുടെ ജീവിതം അസാധ്യമാക്കുന്നു. ആത്മഹത്യകളുണ്ടാവുന്നു. അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട ഗുരുതരമായ മാറ്റമാണ് വര്‍ധിച്ചുവരുന്ന ആത്മഹത്യാപ്രവണത. തകരുന്ന സമൂഹമാണിതിനുകാരണം.

പക്ഷേ, വ്യക്തികളുണ്ടാവുന്നത് വികാസത്തിന്റെ ലക്ഷണം കൂടിയാണ്. അവരുടെ രാഷ്ട്രീയവത്കരണമാണ് സാമൂഹികവികസനം സാധ്യമാക്കുന്നത്. വ്യക്തികള്‍ക്കേ രാഷ്ട്രീയവത്കരണത്തിനു വിധേയരാവാന്‍ കഴിയൂ. സ്വയം രാഷ്ട്രീയവത്കരിച്ചുതുടങ്ങുമ്പോഴേ വ്യക്തികള്‍ സാമൂഹികബോധമുള്ളവരായി പരിണമിക്കുന്നുള്ളൂ. അവരാണ് സങ്കുചിത സ്വത്വങ്ങളെയും വിഭാഗീയതകളെയും കോയ്മകളെയും ചോദ്യം ചെയ്ത് ജനായത്ത പൊതുസമൂഹം സൃഷ്ടിക്കുന്നത്. ജാതി, മത, സങ്കുചിത സ്വത്വങ്ങള്‍ ബാധിച്ച വ്യക്തികളും ഒന്നുമേശാത്ത വ്യക്തികളും ഒരുപോലെ അരാഷ്ട്രീയരാണ്. രണ്ടുകൂട്ടര്‍ക്കും സമൂഹമല്ല, അവരാണ് വലുത്. അവരുടെ ആഭാസം കാണുമ്പോള്‍ സാമൂഹികബോധമുള്ളവര്‍ ചോദിച്ചു പോവുകയാണ്: ഈ പോക്കെങ്ങോട്ടാണ്?







No comments:

Post a Comment