കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് കൂടുമാറി നേതാവായ ടി.കെ. ഹംസ 'ദേശാഭിമാനി' ദിനപത്രത്തില്‍ എഴുതിയ 'ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും' ലേഖനത്തില്‍ ഇതുവരെ ആരും ഉന്നയിച്ചിട്ടില്ലാത്ത ഗുരുതരമായ ഒരു ആരോപണമുണ്ട്. മുസ്‌ലിം ലീഗ് നേതാവും പാകിസ്താന്‍ പ്രഥമ പ്രധാനമന്ത്രിയുമായിരുന്ന ലിയാഖത്ത് അലി ഖാന്റെ വിരിമാറിലേക്ക് നിറയൊഴിച്ച് അദ്ദേഹത്തിന്റെ കഥ കഴിച്ചത് സെയ്ദ് അക്ബര്‍ എന്ന ജമാഅത്തുകാരനാണെന്നാണ് ഹംസയുടെ കണ്ടെത്തല്‍. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലുമൊരു പ്രവര്‍ത്തകന്‍ ആരെയെങ്കിലും വധിച്ചതായി കടുത്ത വിമര്‍ശകര്‍ പോലും ഇതുവരെ ആരോപിച്ചിട്ടില്ല. ജമാഅത്തിനെ നിശിതമായി നിരൂപണം ചെയ്ത് പുസ്തകമെഴുതിയ ഫ്രെഡറിക് ഗ്രെയര്‍ മുതല്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ജമാഅത്ത് വധം നിര്‍വഹിച്ചുപോരുന്ന ഹമീദ് ചേന്ദമംഗലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ കഴിയാത്ത സംഗതിയാണ് ഹംസ വക്കീലിന്റെ പ്രബന്ധത്തിലുള്ളത്.
1951 ഒക്‌ടോബര്‍ 16ന് റാവല്‍പിണ്ടിയില്‍ മുസ്‌ലിം ലീഗ് പൊതുയോഗത്തില്‍ സംബന്ധിക്കുമ്പോഴാണ് അഫ്ഗാന്‍ വംശജനായ സെയ്ദ് അക്ബര്‍ എന്നയാളുടെ വെടിയേറ്റ് ലിയാഖത്ത് അലി ഖാന്‍ മരിക്കുന്നത്. സുരക്ഷാഭടന്മാര്‍ ഉടന്‍ അക്രമിയെ വെടിവെച്ചുകൊന്നു. പ്രഫഷനല്‍ കൊലയാളി സംഘാംഗമായ ഇയാളെക്കുറിച്ച് പൊലീസിന് നേരത്തേ അറിവുണ്ടായിരുന്നു. പുഷ്തുന്‍ പ്രദേശം അഫ്ഗാനിസ്താനോട് ചേര്‍ക്കുന്നതിനെ ശക്തിയായി എതിര്‍ത്തയാളായിരുന്നു ലിയാഖത്ത് അലി ഖാന്‍. ഇതിനോടുള്ള പ്രതികാരമായിരിക്കാം സെയ്ദ് അക്ബറിനെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് വെളിവായിട്ടില്ല. ജസ്റ്റിസ് മുഹമ്മദ് മുനീറും അഖ്തര്‍ ഹുസൈനും ഉള്‍പ്പെടുന്ന ദ്വയാംഗകമീഷനാണ് ഗൂഢാലോചന അന്വേഷിച്ചത്. സെയ്ദ് അക്ബര്‍ സ്വന്തം തീരുമാനപ്രകാരം കൃത്യം നടത്തിയതാണോ, ഗൂഢാലോചന നടത്തിയവരുടെ ഏജന്റാണോ എന്നിവ വ്യക്തമാക്കാവുന്ന ഒരു തെളിവും ലഭിച്ചില്ലെന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുടെ പേരു പോലും അതില്‍ പരാമര്‍ശിക്കുന്നില്ല. ഹംസയുടെ നുണബോംബ് ഇവിടെ ആവിയാകുന്നു. എന്നാല്‍ സംശയത്തിന്റെ മുനകള്‍ സി.ഐ.എയെപ്പോലെ കമ്യൂണിസ്റ്റുകള്‍ക്ക് നേരെയും ഉയര്‍ന്നിട്ടുണ്ടെന്നത് മറ്റൊരു കാര്യം.
അതേസമയം, ലിയാഖത്ത് അലി ഖാനെതിരായ പാളിപ്പോയ റാവല്‍പിണ്ടി ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായവരില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സജ്ജാദ് സഹീര്‍ ഉള്‍പ്പെട്ടിരുന്നു. ലിയാഖത്ത് ഭരണത്തില്‍ പാകിസ്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സൈന്യത്തിലെ മേജര്‍ ജനറല്‍ അക്ബര്‍ ഖാനെ കുപ്പിയിലാക്കിയാല്‍ ഇക്കാര്യം നേടിയെടുക്കാമെന്ന അഭിപ്രായമുയര്‍ന്നു. യഥാര്‍ഥത്തില്‍ ഇത്തരമൊരു 'ബുദ്ധി'യുടെ ഉറവിടം അക്ബര്‍ ഖാന്റെ കൗശലക്കാരിയായ ഭാര്യയും മുസ്‌ലിംലീഗ് വനിതാ നേതാവായിരുന്ന ബീഗം ജഹനാര ഷാനവാസിന്റെ പുത്രിയുമായ ബീഗം നസീമായിരുന്നു. 1951 ഫെബ്രുവരി 23ന് അക്ബര്‍ ഖാന്റെ വസതിയില്‍ ഗൂഢാലോചന അരങ്ങേറി. ഈ യോഗത്തില്‍ സജ്ജാദ് സഹീറിനോടൊപ്പം കമ്യൂണിസ്റ്റ് സഹയാത്രികനും 'പാകിസ്താന്‍ ടൈംസ്' പത്രത്തിന്റെ എഡിറ്ററുമായ ഫൈസ് അഹ്മദ് ഫൈസും പങ്കെടുത്തിരുന്നു. ലിയാഖത്ത് അലി ഖാനെ പുറത്താക്കി അധികാരത്തിലേറാന്‍ സഹായിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാമെന്ന് യോഗത്തില്‍ അക്ബര്‍ ഖാന്‍ ഉറപ്പു നല്‍കി. ഒരാഴ്ചക്കുശേഷം റാവല്‍പിണ്ടിയിലെത്തുന്ന ഗവര്‍ണര്‍ ജനറല്‍ ഖാജ നാസിമുദ്ദീനെയും പ്രധാനമന്ത്രി യെയും അറസ്റ്റ് ചെയ്യുകയും ലിയാഖത്ത് അലിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ പുറത്താക്കിയതായി ഗവര്‍ണറെക്കൊണ്ട് പ്രഖ്യാപിപ്പിച്ച ശേഷം ജനറല്‍ അക്ബര്‍ ഖാന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാറിനെ വാഴിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ ജനറലിന്റെ വിശ്വസ്തനായിരുന്ന അസ്‌കര്‍ അലി ഷായിലൂടെ രഹസ്യം ചോരുകയും ഗൂഢാലോചകര്‍ അറസ്റ്റിലാവുകയും ചെയ്തു.
റാവല്‍പിണ്ടി ഗൂഢാലോചന കഴിഞ്ഞ് എട്ടുമാസത്തിനുശേഷമാണ് ലിയാഖത്ത് അലി ഖാന്‍ കൊല്ലപ്പെടുന്നത്. തങ്ങളുടെ അന്വേഷണത്തില്‍ മൂന്നു തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നതായി സൂചനയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലിയാഖത്ത് അലി ഖാന്റെ പടിഞ്ഞാറന്‍ അനുകൂല നിലപാടുകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടതും പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ രോഷം ഉയരാന്‍ ഇടയാക്കിയ സംഭവങ്ങളായിരുന്നു. ഇതിനു പുറമെ, അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ലിയാഖത്ത് സോവിയറ്റ്‌യൂനിയനെ തിരിഞ്ഞുനോക്കിയില്ലത്രെ. ഇവ്വിധം അവഗണിക്കപ്പെട്ടതില്‍ രോഷം പൂണ്ടാണ് 1971 ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ മോസ്‌കോ ഇന്ത്യയെ സഹായിച്ചതെന്നും പാര്‍ട്ടി ആരോപിക്കുന്നു. ലിയാഖത്ത് അലി ഖാന്റെ മരണത്തിനുശേഷം 'കമ്യൂണിസ്റ്റ് സ്വാധിനാത' പോലുള്ള തീവ്ര ഇടതുപക്ഷ പ്രസിദ്ധീകരണങ്ങള്‍ 'ആംഗ്ലോ-അമേരിക്കന്‍ പാദസേവയുടെ അനിവാര്യദുരന്തം' എന്ന തരത്തിലാണ് മുഖപ്രസംഗങ്ങളും ലേഖനങ്ങളും എഴുതിയത്.
ജമാഅത്തിന്റെ സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദി 'ലാഹോറിന്റെ തെരുവുകളില്‍ കെട്ടിക്കിടക്കുന്ന അഹമ്മദികളുടെ രക്തപ്പുഴയിലൂടെ കുതിരസവാരി നടത്തി'യെന്നും ടി.കെ. ഹംസ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു. മുഹമ്മദ് നബിയെ അന്ത്യപ്രവാചകനായി അംഗീകരിക്കാതിരിക്കുകയും മിര്‍സാ ഗുലാമിനെ പ്രവാചകനായി അവതരിപ്പിക്കുകയും ചെയ്ത ഖാദിയാനികള്‍ ഇസ്‌ലാമിന്റെ ഭാഗമല്ലെന്ന് ഖുര്‍ആന്റെയും വിശ്വാസപ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ സമര്‍ഥിക്കുന്നതാണ് മൗദൂദിയുടെ 'ഖാദിയാനി പ്രശ്‌നം' എന്ന പുസ്തകം. തങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ഭാഗമല്ലെന്നാണ് ഖാദിയാനികള്‍ പോലും അവകാശപ്പെടുന്നത്. പുസ്തകവും ഖാദിയാനി വിരുദ്ധ കലാപവും തമ്മില്‍ ബന്ധമില്ലെന്നതാണ് വസ്തുത. കലാപത്തിന് എത്രയോ മുമ്പെഴുതിയതാണ് പുസ്തകം. ഇതിന്റെ പേരില്‍ മൗദൂദിക്ക് വധശിക്ഷ വിധിക്കുകയാണ് പാകിസ്ഥാനിലെ പട്ടാള ഭരണകൂടം ചെയ്തത്. എന്നാല്‍ മുസ്‌ലിം ലോകത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരായി. സ്റ്റാലിന്റെ മൃഗീയതയെ ആവാഹിക്കുകയും ടിയനന്‍മെന്‍ സ്‌ക്വയറിലെ കബന്ധങ്ങള്‍ക്ക് മുകളിലൂടെ ടാങ്കുകള്‍ പായിക്കുകയും ക്ലാസ് മുറിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് രക്തപ്പുഴയും കുതിരയോട്ടവുമൊക്കെ ഗൃഹാതുരതയുളവാക്കുന്നതാവാമെന്നു കരുതുകയേ നിവൃത്തിയുള്ളൂ.
ഞങ്ങള്‍ മുസ്ലിം ആണെന്ന് വാദിക്കുന്നു ഒരാള്‍ ഇവിടെ
ReplyDeleteഅഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: ഒരു ലഘു പരിചയം
http://ahmadiyyajamat.blogspot.com/2010/06/blog-post.html
ഇഷ്ടപ്പെട്ടു . എന്നാലും മൂല്യോ മീറ്റര്‍ ഇനിയും കൂരാട്ടെ ഹംസാക്കാടെ ചുറ്റും മാത്രേ കറങ്ങു ...അത് വേറെ കാര്യം ;)
ReplyDelete