Ind disable

Monday, May 31, 2010

മനുഷ്യനെ പ്രതി, മഹ്മൂദ് ദര്‍വേശ്

അവര്‍
അവന്റെ വായയ്ക്കു ചങ്ങലയിട്ടു
കരങ്ങള്‍ ബലിപീഠത്തില്‍ ബന്ധിച്ചു.
എന്നിട്ട് പറഞ്ഞു: നീ ഘാതകനാണ്‌
അവര്‍
അവന്റെ വസ്ത്രവും ഭക്ഷണവും
കൊടിക്കൂറയും തട്ടിയെടുത്തു.
കല്‍തുറുങ്കില്‍ കൊണ്ടുപോയിത്തള്ളി,
എന്നിട്ട് പറഞ്ഞു; നീ മോഷ്ടാവാണ്.

അവര്‍
തുറമുഖങ്ങളില്‍നിന്നെല്ലാം അവനെ
ആട്ടിയോടിച്ചു.
കൊച്ചുമോളെ അപഹരിച്ചു.
എന്നിട്ട് പറഞ്ഞു; നീ അഭയാര്തിയാണ്.
രക്തപങ്കില ഹസ്തവും
ചോരകണ്ണുകളുമുള്ളവനേ...
ഈ നിശക്കൊരു അവസാനമുണ്ട്;
വരിഞ്ഞുമുറുക്കുന്ന ഈ ചങ്ങലക്കെട്ടുകള്‍ക്കും.
നീരോ ചക്രവര്‍ത്തി മണ്ണടിഞ്ഞു
റോം ഇന്നും സചേതനം
അതിന്റെ ഇരു നേത്രങ്ങള്‍ കൊണ്ടാണല്ലോ
നിന്റെ കടന്നാക്രമണം.
ഒരു കതിരില ധാന്യമണികള്‍ നശിച്ചേക്കാമെങ്കിലും
ഈ താഴ്വാരയാകെ
കതിരുകളാല്‍ നിറയാനിരിക്കുകയാണല്ലോ.

Sunday, May 30, 2010

മൌദൂദിയെ തള്ളിപ്പറയണമോ, എന്തിന്, ആര്‍ക്കു വേണ്ടി?

മലപ്പുറം: മതസംഘടനകള്‍ ഈയിടെയായി മുഖ്യ അജണ്ടയായി രാഷ്ട്രീയം സ്വീകരിച്ചുകാണുന്നത് ശുഭകരമല്ലെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ വി.പി മുഹമ്മദ് ഫൈസിയും മുക്കം ഉമര്‍ ഫൈസിയും പ്രസ്താവിച്ചു. ഇസ്ലാമിന്റെ പ്രചാരണത്തിനാണെന്ന് അവകാശപ്പെട്ട് രൂപവത്കരിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍ പഞ്ചായത്തുകളിലും മറ്റു ഭരണകേന്ദ്രങ്ങളിലും കണ്ണുവെച്ച് നീങ്ങുന്നത് വിരോധാഭാസമാണ്. കിനാലൂരിലെ റോഡ് വികസനവും ചെങ്ങറയിലെ ഭൂമിപ്രശ്നവും ദേശീയ പാത വീതി കൂട്ടുന്നതും എക്പ്രസ് ഹൈവേയിലെ മതിലുകളും കൈകാര്യം ചെയ്യലല്ല മത സംഘടനകളുടെ അജണ്ട. പള്ളികള്‍ കേന്ദ്രീകരിച്ചും മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുന്നതിന് പകരം പഞ്ചായത്തുകളിലെത്താന്‍ പള്ളികളെയും മത സംഘടനകളെയും ഉപയോഗപ്പെടുത്തുന്നത് അപകടകരമാണ് (മാധ്യമം, കോഴിക്കോട് 2010 മെയ് 22).
---
കോഴിക്കോട്: ജനാധിപത്യത്തെയും മതേതരത്വത്തെയും നിഷിദ്ധമായി പ്രഖ്യാപിച്ച് മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കല്‍ അടിസ്ഥാന തത്ത്വമാക്കിയ ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ കപട രാഷ്ട്രീയം സമുദായം തിരിച്ചറിയുമെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം സംഘടനകളുടെ ജമാഅത്ത് തീവ്രവാദ വിരുദ്ധ നിലപാടുകള്‍ കാരണം ഒറ്റപ്പെട്ടുപോയവര്‍ രംഗത്തുണ്ടെന്ന് വരുത്താനും പിടിച്ചുനില്‍ക്കാനുമാണ് ജനകീയ സമരങ്ങളുടെ പക്ഷം ചേരുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തെ ആദര്‍ശമായി സ്വീകരിച്ച് ജമാഅത്ത് അടുത്ത് യു.ഡി.എഫ് ഭരണം സ്വപ്നം കണ്ടുകൊണ്ടാണ് വ്യക്തമായ രാഷ്ട്രീയ കാരണം പോലും പറയാതെ യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുന്നത്. ജമാഅത്ത് ബന്ധം അജണ്ടയില്‍ പോലുമില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇത്തരം തീവ്രവാദ മതരാഷ്ട്രവാദികളെ ജനാധിപത്യ കേരളം പൂര്‍ണമായും ഒറ്റപ്പെടുത്തുക തന്നെ വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21).
---
രാജ്യത്തെ പൌരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ തങ്ങളുടെ പങ്ക് നിര്‍വഹിച്ചതിന്റെ പേരില്‍ ഇതര മുസ്ലിം സംഘടനകള്‍ക്ക് നേരെ ശിര്‍ക്കും കുഫ്റും ആക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ പരസ്യമായ രാഷ്ട്രീയ വിലപേശല്‍ നടത്തുന്നത് ഏതു രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണെന്ന് വ്യക്തമാക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21 ).

കോഴിക്കോട്: വര്‍ഷങ്ങളായി താലോലിച്ചുവരുന്ന രാഷ്ട്രീയ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി കാലാകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചുവരുന്ന വിലപേശല്‍ രാഷ്ട്രീയ നാടകമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മതേതര ജനാധിപത്യ സംവിധാനങ്ങളെ തീര്‍ത്തും നിഷിദ്ധമാക്കിയ തത്ത്വസംഹിതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജനപക്ഷ രാഷ്ട്രീയമെന്ന വ്യാജേന കപടമുഖവുമായി രംഗത്തുവന്ന ജമാഅത്തെ ഇസ്ലാമിയെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണെന്ന് സെക്രട്ടറിയറ്റ് വിലയിരുത്തി. സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു (ചന്ദ്രിക, കോഴിക്കോട് 2010 മെയ് 21).
**********************


പഞ്ചായത്ത് -നഗരസഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും പ്രവര്‍ത്തിക്കാനും ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങളെയും പ്രവര്‍ത്തകരെയും അനുവദിച്ച ശേഷം പശ്ചിമ ബംഗാളിലും കര്‍ണാടകയിലും ജമാഅത്ത് പ്രവര്‍ത്തകര്‍ ആ അനുവാദം ഫലപ്രദമായി ഉപയോഗപ്പെടുത്തി. കേരളത്തില്‍ സെപ്റ്റംബറില്‍ നടക്കാന്‍ പോവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടാന്‍ ജമാഅത്തിന്റെ സംസ്ഥാന ഘടകവും തീരുമാനിച്ചു. അതു പ്രകാരമുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രീയാതീതമായി വികസനം മാത്രം മുന്‍നിര്‍ത്തി ത്രിതല പഞ്ചായത്തുകളും നഗരസഭകളും പ്രവര്‍ത്തിക്കണമെന്നതാണ് പഞ്ചായത്തീരാജിന്റെ പരികല്‍പന. കക്ഷി രാഷ്ട്രീയത്തിന്റെ അനാരോഗ്യകരമായ മത്സരകളരിയായി നഗര-ഗ്രാമ ഭരണം മാറരുത് എന്ന കാഴ്ചപ്പാട് കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ രൂപം കൊണ്ടതാണ്, ഫലത്തില്‍ അത് അങ്ങനെയല്ല നടക്കുന്നതെങ്കിലും.

ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേവലമായ മതസംഘടനയോ രാഷ്ട്രീയ സംഘടനയോ അല്ല. മറിച്ച് ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണെന്ന് പിറവി തൊട്ടേ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ സാമ്പ്രദായിക മതസംഘടനകള്‍ നൂറ് ശതമാനം അതിനോട് വിയോജിച്ചാലും തങ്ങളുടേതു പോലെയുള്ള കേവല മതസംഘടനയായി അവരതിനെ കാണരുതല്ലോ. വിമര്‍ശനങ്ങളിലൊക്കെ ജമാഅത്തിനെ മതരാഷ്ട്രവാദികളായിട്ടാണ് അവര്‍ കുറ്റപ്പെടുത്താറുള്ളതും. എങ്കില്‍ ജമാഅത്ത് രാഷ്ട്രീയം പറയുന്നതിലോ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലോ അവര്‍ അസാംഗത്യമോ അനൌചിത്യമോ കാണരുത്. ആശയതലത്തില്‍ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് എത്ര രൂക്ഷമായി പ്രകടിപ്പിച്ചാലും ജമാഅത്ത് അതിന്റെ ജനിതക സ്വഭാവമനുസരിച്ച് രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമായി ഇടപെടുന്നു എന്നുള്ളത് ഏതോ മഹാപാതകമായി അവര്‍ കാണുന്നതെങ്ങനെ? രാഷ്ട്രീയത്തില്‍ ഇസ്ലാമാവാമെന്നും ഇസ്ലാമില്‍ രാഷ്ട്രീയമുണ്ടെന്നും സിദ്ധാന്തിക്കുന്ന ഒരു സംഘടന, അക്കാരണത്താല്‍ തന്നെ മത സംഘടനകളില്‍നിന്ന് ഭിന്നമായി നില്‍ക്കെ, സമയമായപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയതില്‍ ആശ്ചര്യകരമായി എന്തിരിക്കുന്നു?

സുന്നി യുവജന സംഘത്തിന്റെ മറ്റൊരു പരാതി ജമാഅത്തെ ഇസ്ലാമി ഭൂപ്രശ്നം, അതിവേഗത പാത, നാലുവരിപ്പാത പോലുള്ള സാമൂഹിക കാര്യങ്ങളില്‍ ഇടപെട്ടുകളയുന്നു എന്നുള്ളതാണ്. പകരം പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം മനസ്സുകള്‍ ശുദ്ധീകരിക്കാനും ഇതര സമൂഹങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താനും ശ്രമിക്കുകയാണത്രെ ചെയ്യേണ്ടത്. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ടതെന്ന് സുന്നീ യുവജന സംഘടന ചൂണ്ടിക്കാട്ടിയ പ്രവര്‍ത്തനങ്ങള്‍ തന്നെ നടക്കണമെങ്കില്‍ പ്രഥമവും പ്രധാനവുമായി, ദൈവസ്മരണക്കും മാനസിക ശുദ്ധീകരണത്തിനുമായി നിശ്ചയിക്കപ്പെട്ട ജുമുഅ ഖുത്വ്ബ മാതൃഭാഷയിലാവണം. അത് സുന്നീ പണ്ഡിതന്മാര്‍ അനുവദിക്കുമോ? സാമുദായത്തിന്റെ പകുതിയായ സ്ത്രീകളെ സംസ്കരിക്കാതെ ഒരു സംസ്കരണ പ്രവര്‍ത്തനവും പൂര്‍ണമാവുകയില്ല, വിജയിക്കുകയില്ല. സ്ത്രീകളെ പള്ളിയില്‍ വരാന്‍ സുന്നികള്‍ സമ്മതിക്കുമോ? അമുസ്ലിംകള്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താനും പള്ളികള്‍ കേന്ദ്രീകരിക്കണമെങ്കില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് അനുവാദം നല്‍കിയിട്ടു വേണ്ടേ? അപ്പോള്‍ മത സംഘടനകള്‍ ചെയ്യേണ്ടത് എന്ന് അവര്‍ സ്വയം അംഗീകരിക്കുന്ന കാര്യങ്ങള്‍ തന്നെ യഥാവിധി നിറവേറ്റാനാവാത്ത സാഹചര്യമാണവര്‍ സ്വയം സൃഷ്ടിച്ചിരിക്കുന്നത്.

അതോടൊപ്പം, സാമൂഹിക പ്രശ്നങ്ങളില്‍ ഇസ്ലാം ഇടപെടാന്‍ പാടില്ലെന്ന് പറയാന്‍ സുന്നി യുവജന സംഘത്തിനുള്ള ന്യായമെന്താണ്? നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും നിയോഗിതരായ സമൂഹമാണ് മുസ്ലിംകള്‍. മതപരമായ നന്മ, മതപരമായ തിന്മ, മതേതര നന്മ, മതേതര തിന്മ എന്നൊരു വിഭജനം ഇസ്ലാമിലുണ്ടോ? ജീവിതത്തില്‍ നന്മ തിന്മകള്‍ക്ക് ഒരൊറ്റ മാനദണ്ഡമേ ഇസ്ലാമിലുള്ളൂ. അല്ലാഹുവും പ്രവാചകരും കല്‍പിച്ചതും മനുഷ്യന്റെ ശുദ്ധ പ്രകൃതി നല്ലതെന്ന് കരുതുന്നതുമായ എല്ലാം നന്മ, അവര്‍ വിലക്കിയതും മനുഷ്യ പ്രകൃതി ചീത്തയായി കരുതുന്നതുമെല്ലാം തിന്മ. നന്മ എവിടെയായാലും മുസ്ലിം പ്രോത്സാഹിപ്പിക്കുകയും സ്ഥാപിക്കുകയും, തിന്മ എവിടെ കണ്ടാലും വെറുക്കുകയും വിലക്കുകയും ചെയ്തേ പറ്റൂ. ആ ചുമതല മതേതരക്കാര്‍ക്കും മതനിരാസികള്‍ക്കും വിട്ടുകൊടുത്ത് ജീവിതത്തില്‍നിന്ന് ഒളിച്ചോടി പള്ളികളില്‍ അഭയം തേടി ദിക്ര്‍ ഹല്‍ഖയും റാത്തീബും മൌലിദുമായി കഴിയണമെന്ന് പഠിപ്പിക്കുന്ന ഒരു ഇസ്ലാമിനെ അല്ലാഹുവും റസൂലും പൂര്‍വ സൂരികളും പരിചയപ്പെടുത്തിയിട്ടില്ല. വഴിയില്‍നിന്ന് ഉപദ്രവം നീക്കം ചെയ്യുന്നതു പോലും ഈമാനിന്റെ ഭാഗമായാണ് പ്രവാചകന്‍ എണ്ണിയത്. കൃഷിഭൂമി ജീവിപ്പിക്കലും മരം നടലും കുടിവെള്ളമെത്തിക്കലും സാക്ഷരത വളര്‍ത്തലും പാവങ്ങള്‍ക്ക് ആഹാരം നല്‍കലും അനാഥകളെ സംരക്ഷിക്കലും രോഗികളെ സാന്ത്വനിപ്പിക്കലും, പൂഴ്ത്തിവെപ്പും അഴിമതിയും കൈക്കൂലിയും മദ്യവും ചൂതാട്ടവും പലിശയും വ്യഭിചാരവും തടയലും തട്ടിപ്പും വഞ്ചനയും ഇല്ലാതാക്കലും സാമൂഹിക നീതി ലഭ്യമാക്കലും അസഹിഷ്ണുതയും വിദ്വേഷവും സംഘട്ടനവും യുദ്ധവുമില്ലാത്ത ലോകത്തിനു വേണ്ടി പണിയെടുക്കലും ഇസ്ലാമിന്റെ അധ്യാപനങ്ങളാണ്, പ്രവാചക ചര്യയാണ്, ശിഷ്യന്മാരുടെ മാതൃകയാണ്, ഇസ്ലാമിന്റെ ഇതഃപര്യന്തമുള്ള ചരിത്രമാണ്. ഇതൊന്നുമില്ലാത്ത ഒരു ഇസ്ലാം ഉണ്ടോ, ഉണ്ടെങ്കില്‍ അത് സുന്നി-മുജാഹിദ് സംഘടനകള്‍ കാണിച്ചുതരുമോ? ഭൂലോകത്ത് കേരളത്തിന്റെ \'ഠ\' വട്ടത്തിലല്ലാതെ കാക്കത്തൊള്ളായിരം സുന്നി-സലഫി സംഘടനകള്‍ വേറെയുമുണ്ടല്ലോ. അവയൊക്കെ ജീവിതത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങള്‍ മതേതരക്കാര്‍ക്ക് പതിച്ചു നല്‍കി ആമീന്‍ ഉറക്കെ ചൊല്ലണമോ, തശഹുദില്‍ വിരല്‍ ഇളക്കണമോ, നമസ്കാരത്തില്‍ കൈ നെഞ്ചത്ത് വെക്കണമോ, നമസ്കാരം കഴിഞ്ഞാല്‍ ഉടനെ ഇമാം സ്ഥലം വിടണമോ എന്നു തുടങ്ങിയ \'സുപ്രധാന രാഷ്ട്രാന്തരീയ വിവാദങ്ങളില്‍\' മുഴുകിയിരിക്കുകയാണോ? ശാന്തം, പാവം!

എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല; സോളിഡാരിറ്റിയെയും. സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന് ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം. അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍ ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും, അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം- തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍ അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്.

ഇസ്ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുമ്പോള്‍ മത സംഘടനകള്‍ക്ക് മതേതര രാഷ്ട്രീയക്കാരുടെയും മീഡിയയുടെയും കൈയടിയും പ്രോത്സാഹനവും തീര്‍ച്ചയായും കിട്ടുന്നുണ്ട്. ചരിത്രത്തിലുടനീളം ഇസ്ലാമിനെ വികലമാക്കിയവര്‍ക്കും സങ്കുചിത മതവാദികള്‍ക്കും അരമനകളുടെ രക്ഷാധികാരവും അധര്‍മികളുടെ പ്രോത്സാനവും കിട്ടിപോന്നിട്ടുണ്ട്. പ്രവാചകവര്യന്മാരുടെ മുഴുവന്‍ ചരിത്രം അധാര്‍മികമായ അധികാര സ്ഥാനങ്ങളോടും പ്രമാണിമാരോടും ഏറ്റുമുട്ടിയ ചരിത്രമാണ്; അവര്‍ എന്നും ഒറ്റപ്പെട്ടവരും വേറിട്ട് നില്‍ക്കുന്നവരും ആയിരുന്നു. ഇടത്-വലത് ജനവിരുദ്ധ ഭരണാധികാരികളുടെയും അഴിമതിക്കാരുടെയും സാമ്രാജ്യത്വ ദാസന്മാരുടെയും പിന്തുണ ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ട. അവര്‍ മുക്രയിട്ടാല്‍ ഒതുങ്ങുന്നതുമല്ല സത്യത്തിന്റെ ശബ്ദം. മൌദൂദിയെ ജമാഅത്ത് തള്ളിപ്പറയണമത്രെ. എന്തിന്, ആര്‍ക്കു വേണ്ടി? \"ദൈവദൂതനെ അല്ലാതെ യാതൊരു മനുഷ്യനെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുകയും മറ്റൊരാളെയും വിമര്‍ശനാതീതമായി ഗണിക്കാതിരിക്കുകയും യാതൊരാളുടെയും മാനസികാടിമത്വത്തില്‍ കുടുങ്ങാതിരിക്കുകയും അല്ലാഹു നിശ്ചയിച്ച ഇതേ പരിപൂര്‍ണ മാനദണ്ഡം കൊണ്ട് ഓരോരുത്തരെയും പരിശോധിക്കുകയും അതനുസരിച്ച് ആര് ഏതു പദവിയിലാണോ അവരെ അതേ പദവിയില്‍ വെക്കുകയും ചെയ്യുക\'\' (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഭരണഘടന, ഖണ്ഡിക 3, ആദര്‍ശം, ഉപവകുപ്പുകള്‍ 6).

സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയുടെ കാലം മുതല്‍ക്കേ ജമാഅത്തെ ഇസ്ലാമി മുറുകെപ്പിടിക്കുന്ന ഈ ആദര്‍ശത്തിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. സ്വഹാബികള്‍ മുതല്‍ക്കിങ്ങോട്ട് ഒരാളെയും എത്ര വലിയ മഹാനായാലും ജമാഅത്തെ ഇസ്ലാമി സത്യത്തിന്റെ പരമ മാനദണ്ഡമായി അംഗീകരിക്കുന്നില്ല. അല്ലാഹുവും റസൂലും മാത്രമാണ് ആ പദവിക്കര്‍ഹര്‍. എന്നാല്‍, മുസ്ലിം സമൂഹത്തില്‍ നാളിതുവരെ ലക്ഷക്കണക്കിന് ചിന്തകരും മഹാ പണ്ഡിതന്മാരും പരിഷ്കര്‍ത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. അവരിലാരെയും ജമാഅത്ത് തള്ളിപ്പറയുന്നില്ല. എല്ലാവരിലുമുള്ള ശരി അംഗീകരിക്കുന്നു, ശരിയല്ലെന്ന് തോന്നിയത് നിരാകരിക്കുന്നു. ശരിക്കും തെറ്റിനും സാധ്യതയുള്ള ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് മുന്‍ഗാമികളുടെ വാക്കുകളും പ്രവൃത്തികളും വിലയിരുത്തുന്നത്.

മൌദൂദിയും ഹസനുല്‍ ബന്നായും ഇരുപതാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വത്തിന്റെ ചൊല്‍പടിയില്‍ അമര്‍ന്ന മുസ്ലിം ജനകോടികളുടെ മുമ്പില്‍ എല്ലാ മനുഷ്യ നിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്കും ബദലായി ഖുര്‍ആനിലും സുന്നത്തിലും അധിഷ്ഠിതമായ ഇസ്ലാമിക ജനാധിപത്യ വ്യവസ്ഥിതിയെ അവതരിപ്പിച്ചു. തദടിസ്ഥാനത്തില്‍ ജനാധിപത്യത്തോടും മതേതരത്വത്തോടും ദേശീയതയോടും മുസ്ലിം സ്വീകരിക്കേണ്ട കാഴ്ചപ്പാടുകളും വിശദീകരിച്ചു. അത് തെറ്റായിരുന്നു എന്ന് ഇന്നുവരെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചവരാരും തെളിയിച്ചിട്ടില്ല. പദപ്രയോഗങ്ങളോടും ശൈലിയോടും വിശദാംശങ്ങളോടുമുള്ള വിയോജനം വേറെ കാര്യമാണ്. അതിനാല്‍ അടിസ്ഥാനപരമായി അതൊക്കെ ശരിയായിരുന്നുവെന്ന നിലപാടില്‍ ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. നാസ്തികര്‍ക്കും മാര്‍ക്സിസ്റുകള്‍ക്കും മതനിരാസികള്‍ക്കും മതത്തെ സ്വകാര്യവത്കരിച്ചവര്‍ക്കും ഇസ്ലാമിന്റെ അന്യൂനവും സമ്പൂര്‍ണവുമായ രൂപം സ്വീകാര്യമല്ലെന്നത് സ്വാഭാവികമാണ്. അവരെ തൃപ്തിപ്പെടുത്താന്‍ പക്ഷേ ഇസ്ലാമിക പ്രസ്ഥാനം അശക്തമാണ്.


മൌദൂദിയെ തള്ളിപ്പറയാത്തതിലാണ് ചിലരുടെ രോഷമെങ്കില്‍ അദ്ദേഹത്തെ ഹല്‍ഖാ അമീര്‍ ആരിഫലി \'തള്ളിപ്പറഞ്ഞതി\'നാണ് സിറാജില്‍ പി.ടി നാസറിന്റെ പരിഹാസം മുഴുവന്‍ (സിറാജ് 24 മെയ്). \"ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൌലാനാ മൌദൂദിയോട് ജമാഅത്തെ ഇസ്ലാമിക്ക് കടപ്പാടുണ്ട്. അതേയവസരം ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണം മൌലാനാ മൌദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്.\'\' ഈ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മൌദൂദിയെ തളളിപ്പറഞ്ഞതായി ലേഖകന്‍ ഭാവിക്കുന്നത്. തുടര്‍ന്നങ്ങോട്ട് തദടിസ്ഥാനത്തിലുള്ള മുച്ചൂടും തെറ്റായ വാദഗതികളും നിരത്തുന്നു. 1956-ല്‍ നിലവില്‍വന്ന ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഖുര്‍ആനും സുന്നത്തും മാത്രമാണ് സംഘടനയുടെ മൌലിക പ്രമാണങ്ങളെന്ന് സംശയാതീതമായി വ്യക്തമാക്കിയിട്ടുണ്ട്. നബി(സ)യുടെ പ്രിയ ശിഷ്യന്മാരുടെ വാക്കുകളോ പ്രവൃത്തികളോ പോലും ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളല്ലെന്നിരിക്കെ, അക്കാര്യം ഭരണഘടനയില്‍ വ്യക്തമാക്കിയിരിക്കെ, മൌദൂദിയുടെ ലിഖിതങ്ങളും വചനങ്ങളുമല്ല പ്രമാണങ്ങളെന്ന് പറഞ്ഞത് അപ്പടി ശരിയാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും മൌദൂദിയന്‍ വ്യാഖ്യാനങ്ങളാണ് ജമാഅത്ത് സ്വീകരിക്കുന്നതെന്ന ആരോപണത്തിലും കഴമ്പില്ല. ഖുര്‍ആനിന് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളുണ്ട്. വ്യാഖ്യാനങ്ങളുടെ പിന്‍ബലമില്ലാതെ ഒരാള്‍ക്കും ഖുര്‍ആനെ നേരാംവണ്ണം ഗ്രഹിക്കാനുമാവില്ല. അങ്ങനെ ചെയ്താല്‍ അതയാളുടെ വ്യാഖ്യാനവുമാവും. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇമാം അബുല്‍ ഹസന്‍ അശ്അരിയും ഇമാം ശാഫിഈയും രൂപപ്പെടുത്തിയ മദ്ഹബുകളാണ് സമസ്തയുടെ ആദര്‍ശവും കര്‍മശാസ്ത്രവും. ഇബ്നു തൈമിയ്യയുടെയും ശൈഖ് മുഹമ്മദ്ബ്നു അബ്ദില്‍ വഹാബിന്റെയും ചിന്തകളാണ് സലഫിസത്തിന്റെ അടിസ്ഥാനം. അതാണ് മുജാഹിദുകള്‍ കൊണ്ടുനടക്കുന്നത്.

ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇവരുടെയെല്ലാം കാഴ്ചപ്പാടുകളില്‍നിന്ന് ഖുര്‍ആനോടും സുന്നത്തിനോടും കൂടുതല്‍ അടുത്തതേതോ അത് സ്വീകരിക്കുന്നു. സയ്യിദ് അബുല്‍ അഅ്ലാ മൌദൂദിയും ഇതിന്നപാവദമല്ല. അദ്ദേഹത്തിന് അപ്രമാദിത്വം കല്‍പിക്കുന്നുമില്ല. ഇതിപ്പോള്‍ മാത്രം പറയുന്ന കാര്യവുമല്ല. ആരിഫലി അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിപ്പോഴെങ്കിലും വ്യക്തമാക്കേണ്ടതുണ്ട് എന്നു പറഞ്ഞത് ഒരു പുതിയ കാര്യമെന്ന നിലക്കല്ല. കുറേക്കാലമായി കേരളത്തില്‍ മൌദൂദിസമാണ് ജമാഅത്തിന്റെ അടിത്തറയെന്ന പ്രചാരണം നടക്കുകയും ഒടുവിലത് മൂര്‍ച്ചിക്കുകയും ചെയ്തപ്പോള്‍ അവസരോചിതമായി എടുത്തു പറഞ്ഞതാണ് അമീര്‍ ആരിഫലി. പ്രസ്താവനകള്‍ വളച്ചൊടിക്കുന്നതും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ആഘോഷമാക്കുന്നതും ചിരപരിചിതമായ മീഡിയാ പ്രവര്‍ത്തനമായതുകൊണ്ട് പി.ടി നാസര്‍ മാത്രം അതിന്നപവാദമാവേണ്ടതില്ല. പക്ഷേ, ഇവരൊക്കെ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. മൌദൂദി എന്തോ വേണ്ടാത്തത് എഴുതിപ്പോയതാണെങ്കില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ ജമാഅത്തിന് ആരുണ്ട് തടസ്സം? അത് ചെയ്യാതെ അദ്ദേഹത്തിന്റെ കൃതികള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കുന്നത് മൌലികമായി അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടില്ല എന്ന് കരുതുന്നതുകൊണ്ട് തന്നെയാണ്. ശരിയായ പശ്ചാത്തലത്തില്‍ വായിക്കാതെ വിമര്‍ശകര്‍ തുടരുന്ന കുപ്രചാരണങ്ങള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെ ചകിതരാക്കാനാവില്ല

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ജനതാ ദള്‍ നേതാക്കള്‍ പല തവണ വന്നിട്ടുണ്ട്, സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയിട്ടുമുണ്ട്. അവരാരും ഒരിക്കലും ജനാധിപത്യത്തെയും മതേതരത്വത്തെയും കുറിച്ച പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തിരുത്തണമെന്നാവശ്യപ്പെട്ടിട്ടില്ല. ആശയ സംവാദത്തിലേര്‍പ്പെട്ടിട്ടുമില്ല. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത് നേതാക്കളെ നേരില്‍ കണ്ട സി.പി.എം സെക്രട്ടറി പിണറായി വിജയനും അതേപ്പറ്റി അക്ഷരം ഉരിയാടിയിട്ടില്ല. ആദര്‍ശത്തിലോ ലക്ഷ്യത്തിലോ കടുകിടാ വിട്ടുവീഴ്ച ചെയ്യാമെന്ന ഒരുറപ്പും സംഘടന ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നെയന്തിന് ജമാഅത്തിന്റെ ഇല്ലാത്ത മുഖംമൂടി അഴിച്ചു കളയാന്‍ പിണറായി സാഹസപ്പെടണം? അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് നാസ്തികവാദവും ഭൌതികവാദവും സ്റാലിനിസവും ഉദ്ഘോഷിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്യ്രമുണ്ടെങ്കില്‍ അതേ സ്വാതന്ത്യ്രം ദൈവിക സന്മാര്‍ഗത്തെയും ഇസ്ലാമിക സാമൂഹിക നീതിയെയും കുറിച്ച് പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട്. നാസ്തികര്‍ക്ക് മദ്യരാജ്യമോ ഗുണ്ടാ രാജ്യമോ കൊണ്ടുവരാമെങ്കില്‍ ധാര്‍മിക പ്രസ്ഥാനത്തിന് ദൈവരാജ്യവും കൊണ്ടുവരാം. സ്വതന്ത്ര ഇന്ത്യയില്‍ ജമാഅത്തിന്റെ ഇന്നുവരെയുള്ള പ്രവര്‍ത്തനം സമാധാന ഭംഗമോ സാമുദായിക ധ്രുവീകരണമോ സൃഷ്ടിച്ചിട്ടില്ലെങ്കില്‍ നാളെയും അതുണ്ടാവാന്‍ പോവുന്നില്ല. എല്‍.ഡി.എഫിന് ജമാഅത്ത് തത്ത്വാധിഷ്ഠിത പിന്തുണ നല്‍കി; യു.ഡി.എഫിനും വേണ്ടിവന്നാല്‍ നല്‍കും. ഒരു മുന്നണിക്കും നല്‍കാതെയുമിരിക്കും. അടിയറവ് കരാറോ സഖ്യമോ ധാരണയോ ഒരു പാര്‍ട്ടിയോടും മുന്നണിയോടും ഉണ്ടാക്കിയിട്ടില്ല. ആരുടെയും ഓശാരം കൊണ്ടല്ല ഈ പ്രസ്ഥാനം ദൈവധിക്കാരികളുടെയും ജനശത്രുക്കളുടെയും ഉറക്കം കെടുത്തുന്ന രീതിയില്‍ വളര്‍ന്നത്. ആരുടെയെങ്കിലും മേല്‍ ചാരിയാല്‍ മാത്രം നിലനില്‍പുള്ള കോണിയുമായി ജമാഅത്ത് ഇറങ്ങിത്തിരിച്ചിട്ടുമില്ല. അല്ലാഹുവിന്റെ സഹായത്തിലും നല്ല മനുഷ്യരുടെ സഹകരണത്തിലും നീതിനിഷേധിക്കപ്പെട്ടവരുടെ പ്രാര്‍ഥനകളിലുമാണ് പ്രസ്ഥാനത്തിന് പ്രതീക്ഷ. ആ പ്രതീക്ഷ എന്നും സഫലമാവുകയേ ചെയ്തിട്ടുള്ളൂ.

ജമാഅത്തിനെ കല്ലെറിയും മുമ്പ്

'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.
ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.

വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍ എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.
കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ൈദവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ


മാധ്യമം,ഇ.എ. ജോസഫ് ,കേരള മദ്യവിമോചന സമിതി ഡയറക്ടര്‍

Saturday, May 29, 2010

കലാപങ്ങള്‍ സംഘടിപ്പിച്ച് കൊടുക്കപ്പെടും

'താടി വളര്‍ന്നത് പെട്ടെന്നായിരുന്നു
നെറ്റിയില്‍ ഭസ്മവും കുങ്കുമവും പ്രത്യക്ഷപ്പെട്ടു.
ഉടുപ്പും പുതപ്പും കാവിനിറമായി
കൈയില്‍ ത്രിശൂലവും വന്നുചേര്‍ന്നു
ചുണ്ടില്‍ രാമനാമവും.
പിന്നീടാണ് ആഹാരരീതി മാറിയത്
അത്താഴം ശിശുക്കളുടെ മാംസമായി
ദാഹം തീര്‍ക്കാന്‍ മുതിര്‍ന്നവരുടെ രക്തവും
അങ്ങനെയാണ് ഞങ്ങളുടെ നഗരങ്ങളെല്ലാം കാടുകളായത്
ഗുഹകളിലിരുട്ടകറ്റാന്‍
ഇപ്പോള്‍ ഞങ്ങള്‍ മനുഷ്യരെ കത്തിക്കുന്നു
ഹാ, എന്തൊരു കൊതിപ്പിക്കുന്ന സുഗന്ധം
(നരഭോജികള്‍ - സച്ചിദാനന്ദന്‍).

ഈ നാടിനേക്കാള്‍ പവിത്രമായി നമുക്കു യാതൊന്നുമില്ല. ഇവിടത്തെ ഓരോ തരിമണലും സചേതനമോ അചേതനമോ ആയ ഏതൊരു വസ്തുവും കല്ലും മരവും നദിയും അരുവിയും എല്ലാം തന്നെ നമുക്ക് പവിത്രമാണ്.' ഇത്തരമൊരു മാനസികാവസ്ഥയെ ദൃഢപ്പെടുത്താനാണത്രെ 'ഭൂമിപൂജ'യോടുകൂടി മതചടങ്ങുകളെല്ലാം തുടങ്ങുന്നത്. 'ഒരു കുഞ്ഞുകളിക്കുമ്പോള്‍ മണ്ണില്‍ ചവിട്ടിമെതിക്കുന്നത് കാണുന്ന അമ്മ 'ഭൂമാതാവിനെ ചവിട്ടരുത് മകനേ' എന്നുപറയുന്നു. വെറും കളിയായി ഒരാണി മണ്ണില്‍ അടിച്ചിറക്കുമ്പോള്‍, 'അരുത് കുഞ്ഞേ, അമ്മക്ക് വേദനിക്കും' എന്ന് അവര്‍ പറയും. സാധാരണ കൃഷിക്കാരന്‍ മണ്ണില്‍ കലപ്പവെക്കുമ്പോള്‍ ഭൂമാതാവിനോട് ക്ഷമായാചനം ചെയ്യുന്നു. ഈ മട്ടിലാണ് സജീവ പാരമ്പര്യം. നിരവധി ദലിതരെയും ന്യൂനപക്ഷങ്ങളെയും ചുട്ടുകൊന്ന, അഖണ്ഡ ഭാരതത്തിലെ സജീവ മനുഷ്യ പാരമ്പര്യത്തെക്കുറിച്ചോര്‍ത്ത്, സംഘപരിവാര്‍ സ്ഥാപകനായ ഗുരുജി ഗോള്‍വാള്‍ക്കര്‍ ആവേശഭരിതനാവുകയാണ്. ഇങ്ങനെയൊക്കെയായിരുന്നെങ്കില്‍ എന്ന് 'നിഷ്‌കളങ്കരായ' മനുഷ്യരും കരുതുന്നു. എന്നാല്‍, മുമ്പെന്നപോലെ ഇന്നും ഏട്ടിലെ പശുക്കള്‍ പുല്ലു തിന്നാറില്ല. തിന്നുമായിരുന്നെങ്കില്‍ 'ഭൂമിപൂജ'യെ സൂക്ഷ്മാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടവര്‍ക്ക് ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയഭാഗമായ ബാബരി മസ്ജിദ് പൊളിക്കാന്‍ കഴിയുമായിരുന്നില്ല. വംശഹത്യകള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമായിരുന്നില്ല. 'കലാപങ്ങള്‍ സംഘടിപ്പിച്ചു കൊടുക്കപ്പെടും' എന്ന ചോരപരസ്യം, കാലത്തിന്റെ ഭിത്തിയില്‍ പതിക്കാന്‍ കഴിയുമായിരുന്നില്ല.

'കക്ക നീറ്റികൊടുക്കപ്പെടും', കുതിര്‍ത്ത അരിവറുത്ത് പൊടിച്ച് കൊടുക്കപ്പെടും', 'ഹരജികള്‍ തയാറാക്കി കൊടുക്കപ്പെടും' എന്നിങ്ങനെയുള്ള അറിയിപ്പുകളാണ് മുമ്പ് നാം വായിച്ചിരുന്നത്. അതൊരു സമാധാന കാലമായിരുന്നു. കുരുതിക്കളങ്ങള്‍ക്ക് കുറുകെപോലും അന്ന് സ്‌നേഹക്കിളികള്‍ പറന്നിരുന്നു. ആ കാലം അപ്രത്യക്ഷമാവുകയാണ്.

'മനുഷ്യര്‍ ചുട്ട് കൊടുക്കപ്പെടും', 'ഭ്രൂണം കുന്തത്തില്‍ കോര്‍ത്ത് കൊടുക്കപ്പെടും', തലവെട്ടിപിളര്‍ത്തി കൊടുക്കപ്പെടും', ഏത് മൂത്രപ്പുരയിലും കാമറകള്‍ വെച്ചുകൊടുക്കപ്പെടും', എന്നിങ്ങനെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നുള്ള അറിയിപ്പുകളാണ് പിറകെ വന്നത്. അന്ന് കളിക്കളങ്ങളില്‍, ഭയങ്ങള്‍ മാത്രം കളിക്കാനിറങ്ങി. പിന്നെ അവിടെനിന്ന് പുളകത്തിന്റെ പൂക്കളൊന്നും വിരിഞ്ഞതേയില്ല. അനുരാഗികളുടെ ആകാശങ്ങളില്‍ പോലും നക്ഷത്രങ്ങള്‍ തെളിഞ്ഞില്ല. കുഞ്ഞുങ്ങളുടെ കൊഞ്ചലുകളിലെ ഈണംവരെ വിതുമ്പലുകള്‍ക്കിടയില്‍ മുറിഞ്ഞുപോയി. ഒരിക്കല്‍ ഉള്ളം കുളിര്‍പ്പിച്ചിരുന്ന വാക്കുകളൊക്കെയും കഴുത്തറുക്കുന്ന വാളുകളായി! സമാധാനത്തെക്കുറിച്ചുള്ള അസ്വസ്ഥ സ്വപ്‌നങ്ങള്‍ ബാക്കിവെച്ച് അക്കാലവും നിലവിളിച്ച് കടന്നുപോയി.

പിന്നെ കൊമ്പുകുലുക്കി കൊടുങ്കാറ്റ്‌പോലെ വന്നത് ശ്രീരാമസേനയുടെ പ്രമോദ് മുത്തലിക്കാണ്. നാഥുറാം ഗോഡ്‌സേയുടെ സര്‍വകലാശാലയില്‍ നിന്ന് സ്‌നേഹത്തില്‍, ഉപരിബിരുദം നേടി, നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ നിന്ന്, ഡോക്ടറേറ്റും നേടി. ഒറീസയില്‍നിന്ന് മധുരം നുകര്‍ന്ന്, അയാള്‍, കര്‍ണാടയില്‍, ഹിംസയുടെ മധ്യാഹ്‌ന സൂര്യനായി കത്തിനിന്നു.
രണ്ട് മനുഷ്യര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പൂന്തോപ്പുകള്‍ സൃഷ്ടിക്കുന്ന പ്രണയം കണ്ടാലയാള്‍ക്ക് കലിയിളകും. മതം മറന്ന് സൗഹൃദങ്ങള്‍ വളരുന്നത് അയാളെ ഏറെ അസ്വസ്ഥമാക്കും. അതിര്‍ത്തികള്‍ക്കപ്പുറം സൗഹൃദം പങ്കുവെക്കുന്ന മരങ്ങളുടെ വേരുകള്‍പോലും അയാളില്‍വെറുപ്പ് വളര്‍ത്തും.

ആദ്യം അയാള്‍ ആക്രോശിച്ചത്, 'ലൗജിഹാദ്' എന്നായിരുന്നു. ആ വിഷം കര്‍ണാടക വഴി കേരളത്തെയും വിഴുങ്ങി. എത്ര ആവേശപൂര്‍വമാണ് മുഖ്യധാരാമാധ്യങ്ങള്‍ അന്നതിനെ എതിരേറ്റത്. പിന്നെ സദാചാരം സംരക്ഷിക്കാന്‍ മുട്ടന്‍വടിയുമായി പബുകളിലെ പെണ്‍കുട്ടികള്‍ക്ക് പിറകെ ശ്രീരാമസേന പ്രവര്‍ത്തകര്‍ സ്വന്തം ധാര്‍മികത താഴെവീഴാതെ പായുന്നതാണ് നാം കണ്ടത്. 'ഇങ്ങനെയുള്ള പെണ്ണുങ്ങള്‍ക്ക് രണ്ടടി ആര് കൊടുത്താലും കുഴപ്പമില്ലെന്ന സാമാന്യബോധത്തിന്റെ കുതിരപ്പുറത്ത് കയറി, പിന്നീടവര്‍ കുതിക്കുകതന്നെ ചെയ്തു!

എന്നാലിപ്പോള്‍, 'കുറഞ്ഞ ചെലവില്‍ വലിയ കലാപങ്ങള്‍ നടത്തികൊടുക്കപ്പെടും' എന്ന നടുക്കം കൊള്ളിക്കുന്ന പരസ്യമായാണയാള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു സ്ഥലത്ത് കലാപം നടത്തി കൊടുക്കാന്‍ അയാള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വെറും അറുപത്‌ലക്ഷം രൂപ മാത്രം. മഹത്തായ സ്വന്തം ആദര്‍ശം ഉയര്‍ത്തി പിടിക്കാന്‍ മുന്‍കൂറായി അയാള്‍ കൈപ്പറ്റിയത് വെറും പതിനായിരം രൂപ മാത്രം!
സംഭ്രമജനകമായ ഇവ്വിധമുള്ള വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ തെളിഞ്ഞത് വെറുമൊരറ്റ ദിവസം മാത്രം!
രണ്ട് വലിയ ശവപ്പെട്ടി ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു കുഞ്ഞ് ശവപ്പെട്ടി 'ഫ്രീ' എന്ന ശവപ്പെട്ടി പരസ്യം കുഞ്ഞുങ്ങള്‍പോലും മരിക്കുന്ന കാലത്ത് അത്രക്രൂരമല്ല. ഒരു ഷര്‍ട്ട് വാങ്ങുമ്പോള്‍ ഒരു ഷര്‍ട്ട് 'ഫ്രീ' എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആഹ്ലാദം തോന്നും. എന്നാല്‍, അറുപത് ലക്ഷം രൂപ നിരക്കില്‍ രണ്ട് കലാപങ്ങള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ മൂന്നാമതൊന്ന് സൗജന്യമായി 'സംഘടിപ്പിച്ച്' കൊടുക്കപ്പെടും എന്ന് കേള്‍ക്കുമ്പോള്‍ സാധാരണ മുനുഷ്യര്‍ക്കാര്‍ക്കും സന്തോഷിക്കാനാവില്ല.

ബന്ധങ്ങള്‍ ഉറക്കാന്‍ മലബാര്‍ സിമന്റ്. സ്വാദുള്ള 'പൊറാട്ട സ്വാതന്ത്ര്യം' അനുഭവിക്കാന്‍, 'ലിബര്‍ട്ടി മൈദ'!

എപ്പോഴും എവിടെയും സംഘടിപ്പിക്കപ്പെടാന്‍ പാകത്തില്‍ തയാറാക്കിവെച്ച കലാപത്തെ ഈയൊരു പരസ്യ മാതൃകയില്‍ 'മുത്തലിക് കലാപമെന്നും' ആയതിനാല്‍ നമുക്ക് ഇനിമേല്‍ വിളിച്ചുതുടങ്ങാം.

വംശഹത്യ നിര്‍വഹിച്ചവര്‍ക്ക് 'വീരാളിപ്പട്ട്' നല്‍കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ സമീപനം, കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചാലും ശ്രീരാമസേനാ നേതാക്കന്മാര്‍ക്കെതിരെ മിനിമം കോടതിയില്‍ ഒരു പരാതികൊടുക്കാനെങ്കിലും കര്‍ണാടക പൊലീസ് തയാറാകേണ്ടിവരും. ശരിയായാലും തെറ്റായാലും കലാപം സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ട അറുപത് ലക്ഷത്തില്‍ മുപ്പതുലക്ഷം പൊലീസിനുള്ളതാണെന്നാണ് ശ്രീരാമസേന പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്.